പട്ടാമ്പി: കാണികളുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ച എ സോൺ കലോത്സവത്തിന് തിങ്കളാഴ്ച കൊടിയിറക്കം. രണ്ടാം ദിനമായ ഞായറാഴ്ച വൈവിധ്യമാർന്ന കലാരൂപങ്ങളാൽ വേദികൾ സമ്പന്നമായതിനൊപ്പം സാങ്കേതിക പിഴവുകൾ കല്ലുകടിയായി.
ശാസ്ത്രീയ നൃത്തവേദിയിൽ ശബ്ദസംവിധാനത്തിലുണ്ടായ തകരാർ പരിഹരിക്കാൻ വൈകുന്നതിനിടെ മത്സരാർഥി കുഴഞ്ഞുവീണു.
ഇതോടെ തടസ്സപ്പെട്ട മത്സരം അൽപനേരം കഴിഞ്ഞാണ് പുനരാരംഭിച്ചത്. ശാസ്ത്രീയ നൃത്തവേദിയിലും സമാനമായ രീതിയിൽ മൈക്ക് പണിമുടക്കി. തുടർന്ന് മത്സരം തടസ്സപ്പെട്ട വിദ്യാർഥിക്ക് വീണ്ടും അവസരം നൽകുകയായിരുന്നു.
മാപ്പിള കലകളുടെ ഈറ്റില്ലമായ വള്ളുവനാടൻ മണ്ണിൽ പുതുതലമുറക്ക് കലാഭിമുഖ്യം കുറയുന്നോ എന്ന് സംശയിപ്പിക്കുന്നതായിരുന്നു വേദിയിലെ ശുഷ്ക പങ്കാളിത്തം. ജനപ്രിയ ആക്ഷേപ ഹാസ്യകലയായ ഓട്ടന്തുള്ളൽ, മാർഗംകളി, മൈം, സ്കിറ്റ് എന്നിവക്ക് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന്റെ കൈയടി ആവേശമായി. വേദി ഒന്നിൽ ക്ലാസിക്കൽ ഡാൻസ്, ഭരതനാട്യം, നാടകം, വേദി രണ്ടിൽ സംഘഗാനം (പൗരസ്ത്യം), ദേശഭക്തിഗാനം (ഗ്രൂപ്), ഗാനമേള, ഓട്ടന്തുള്ളൽ, മാർഗംകളി, മൈം, സ്കിറ്റ്, മൂന്നിൽ മാപ്പിളപ്പാട്ട് (പെൺ), മാപ്പിളപ്പാട്ട് (ആൺ), മാപ്പിളപ്പാട്ട് (ഗ്രൂപ്), നാലിൽ ലളിതഗാനം (ആൺ, പെൺ), ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. രാത്രിയിൽ ഒന്നാം വേദിയിൽ നാടകത്തിനും കാണികളേറെയുണ്ടായിരുന്നു. നാലു ദിവസത്തെ എ സോൺ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.