പട്ടാമ്പി: കവിതയുടെ കാർണിവൽ ഏഴാംപതിപ്പിന് പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ 27ന് രാവിലെ 9.30ന് തിരശ്ശീലയുയരും. കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഇസ്രയേലി കവി അമീർ ഓർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. കാർണിവൽ ബുക്ക് പ്രകാശനം കവി കെ.ജി. ശങ്കരപ്പിള്ളയും കലാപ്രദർശനോദ്ഘാടനം നടൻ വി.കെ. ശ്രീരാമനും നിർവഹിക്കും. തുടർന്ന് സാർഥകമായ കാവ്യജീവിതത്തെ പുരസ്കരിച്ച് കവി കെ.ജി. ശങ്കരപ്പിള്ളക്ക് കവിതയുടെ കാർണിവലിന്റെ ആദരസമർപ്പണം നടക്കും. എഴുത്തുകാരൻ വി. മുസഫർ അഹമ്മദാണ് ആദരപ്രഭാഷണം നിർവഹിക്കുന്നത്.ആറ് വേദികളിലായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന കലാ-സാഹിത്യോത്സവമായാണ് കവിതയുടെ കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്. ‘മായുന്ന അതിരുകൾ’ എന്നതാണ് ഈ വർഷത്തെ കാർണിവൽ വിഷയം. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ഇരുനൂറിലേറെ എഴുത്തുകാരും കലാകാരരും കാർണിവലിൽ അതിഥികളായി പങ്കെടുക്കുന്നുണ്ട്. കാവ്യാവതരണങ്ങൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, അനുസ്മരണങ്ങൾ, പുരസ്കാരസമർപ്പണം, പുസ്തകപ്രകാശനങ്ങൾ, കലാപ്രദർശനങ്ങൾ, ചിത്രപ്രദർശനങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഒട്ടേറെ പരിപാടികളാണ് കവിതയുടെ കാർണിവലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.