പട്ടാമ്പി: കാറ്ററിങ് ഓണത്തിലേക്കാണ് തിരുവോണം നടന്നടുക്കുന്നത്. പണ്ടത്തെപ്പോലെ കഷ്ടപ്പെട്ട് വിഭവങ്ങൾ തയാറാക്കി ഓണസദ്യയൊരുക്കാനൊന്നും ഇപ്പോൾ മിക്കവരും തയാറല്ല. ഓണസദ്യയും വിപണിവത്കരിക്കപ്പെട്ടു തുടങ്ങി. അണുകുടുംബങ്ങളെയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. അഞ്ചുപേർ മാത്രമുള്ള വീടുകളിൽ ഓണസദ്യയൊരുക്കാനുള്ള തത്രപ്പാട് മുതലെടുക്കുകയാണ് കാറ്ററിങ്ങുകാർ.
ആഴ്ചകൾക്ക് മുമ്പ് മുളക്, മല്ലി തുടങ്ങിയവ വാങ്ങി ഉണക്കി പൊടിയാക്കുന്നത് പഴയകാലത്തെ സാധാരണ കാഴ്ചയായിരുന്നു. വടുകപ്പുളി വാങ്ങി അച്ചാറുണ്ടാക്കിയും നേന്ത്രക്കുല വീട്ടിലെത്തിച്ച് പുകയിട്ടുമാണ് ഓണത്തിന്റെ വരവറിയിച്ചിരുന്നത്. ഓണച്ചന്തകൾ വ്യാപകമായതോടെ പഴുത്ത പഴം വാങ്ങാനാണ് തിരക്ക്.
റെഡിമെയ്ഡ് കറിപ്പൊടികൾക്കും ഡിമാൻറായി. കുടുംബങ്ങൾ ഭാഗിക്കപ്പെടുകയും അണുകുടുംബങ്ങൾ രൂപപ്പെടുകയും കുടുംബാംഗങ്ങൾ ജോലിത്തിരക്കിലാവുകയും ചെയ്തതോടെ സദ്യ തന്നെ വിലക്ക് വാങ്ങാനാണ് ആളുകൾ താൽപര്യപ്പെടുന്നത്. നഗരങ്ങളിൽ മാത്രം കണ്ടിരുന്ന പ്രവണത ഗ്രാമങ്ങളെയും വിഴുങ്ങുകയാണ്.
1200, 1250 രൂപ കൊടുത്താൽ അഞ്ചുപേർക്കുള്ള ഓണസദ്യയായി. വാഴയിലയും ഗ്ലാസുമടക്കം രണ്ടുതരം പായസവുമടങ്ങുന്നതാണ് വിഭവ സമൃദ്ധമായ സദ്യ. ചോറ്, സാമ്പാർ, കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി, പച്ചടി, രസം, ശർക്കര ഉപ്പേരി, കായ വറവ്, നാരങ്ങാക്കറി, പുളിയിഞ്ചി, പാലട ഒരു ലിറ്റർ, പരിപ്പ് പ്രഥമൻ അര ലിറ്റർ എന്നിവ തിരുവോണത്തിന് വീട്ടിലെത്താൻ ഒരു ഫോൺ കോൾ മതി.
പാടത്തും പറമ്പിലും കുട്ടികൾ പൂക്കൊട്ടകളുമായി നടന്ന് പൂ പറിച്ച് പൂക്കളമൊരുക്കിയിരുന്ന പഴയ കാലവും പോയ്മറഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂക്കളാണ് അത്തം മുതൽ തിരുവോണം വരെ മലയാളിയുടെ മുറ്റത്തെ അലങ്കരിക്കുന്നത്. പഞ്ചായത്തും കുടുംബശ്രീയും തുടങ്ങിവെച്ച ചെണ്ടുമല്ലികൃഷി ഇതിനൊര് അപവാദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.