പട്ടാമ്പി: ഇരുൾപടർന്ന ജീവിതത്തിൽ പ്രതീക്ഷയുടെ ചിറകുവിടർത്തി ദയ പാലിയേറ്റിവ് കെയർ. കൊപ്പം പഞ്ചായത്തിലെ വിയറ്റ്നാംപടിയിലാണ് സാന്ത്വന ചികിത്സയുമായി ദയ പാലിയേറ്റിവ് കെയർ പ്രവർത്തിക്കുന്നത്. കിടപ്പിലായ രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സെന്റർ സഹായകമാണ്.
2016 ജനുവരിയിലാണ് ആരംഭം. 2019 ഒക്ടോബറിൽ ജില്ലയിലെ പാലിയേറ്റിവ് കൂട്ടായ്മയായ കൺസോർഷ്യം ഓഫ് പാലിയേറ്റിവ് കെയർ ഇനീഷ്യറ്റിവ് ഇൻ പാലക്കാടിൽ (സി.പി.ഐ.പി) രജിസ്റ്റർ ചെയ്യുകയും ഹോം കെയർ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ആഴ്ചയിൽ മൂന്നുദിവസമാണ് നഴ്സസ് വളന്റിയർ ടീം ഹോം കെയർ നടത്തുന്നത്.
കൊപ്പം, തിരുവേഗപ്പുറ, വിളയൂർ, മുതുതല പഞ്ചായത്ത് പരിധിയിലെ നൂറിലധികം രോഗികളെയാണ് സ്ഥാപനം പരിചരിച്ചു കൊണ്ടിരിക്കുന്നത്. സെന്ററിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത മാനസികാരോഗ്യകേന്ദ്രം ഏറെ ആശ്വാസകരമാണ്.
എല്ലാ തിങ്കളാഴ്ചയും സൈക്യാട്രി ഒ.പി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. നാട്ടിലെ നിർധനരായ മാനസികരോഗികൾക്ക് സൗജന്യചികിത്സയും മരുന്നും നൽകിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് ആസ്ഥാനമായ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് മാനസികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. യൂറിൻ ട്യൂബ് മാറ്റിയിടൽ, മുറിവ് കെട്ടൽ, ഒറ്റപ്പെട്ട വരെ കുളിപ്പിക്കൽ, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങൾ സെൻറർ നടത്തുന്നു.
പിതാവ് മരിച്ച കുട്ടികളുടെ പഠനച്ചെലവ് ഏറ്റടുത്ത് നടത്തുന്ന ഓർഫൻ കെയർ, നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ഓണം-റമദാൻ സ്കൂൾ കിറ്റ് വിതരണം എന്നിവ ദയ പാലിയേറ്റിവ് കെയറിൽ നടക്കുന്നുണ്ട്. ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് പ്രവാസികളുടെയും നാട്ടുകാരുടെയും സഹായവും വിവിധ കടകളിലും വീടുകളിലും സ്ഥാപിച്ച ബോക്സ് കലക്ഷനുമാണ് വരുമാനം.
നട്ടെല്ലിന് ക്ഷതം പറ്റി ജീവിതം വീൽചെയറിലായ സഹോദരങ്ങൾക്ക് ആഴ്ചയിലൊരിക്കൽ ഡേകെയർ സംവിധാനത്തെക്കുറിച്ചുള്ള ആലോചനയിലാണ് ദയ പാലിയേറ്റിവ് സെന്റർ.
പത്തിരിപ്പാല: മണ്ണൂർ പഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് സാന്ത്വന ഹസ്തവുമായി മണ്ണൂരിലെ നായനാർ ചാരിറ്റബിൾ സൊസൈറ്റി. മൂന്നുവർഷം മുമ്പ് തുടങ്ങിവെച്ച സൊസൈറ്റി ഇന്ന് മണ്ണൂരിലെ 125 കിടപ്പുരോഗികൾക്ക് താങ്ങും തണലുമായി മാറി. വാടകക്കെടുത്ത വാഹനത്തിലാണ് രോഗികളെ പരിചരിക്കാനെത്തുന്നത്.
ഒരു നഴ്സും രണ്ടു വളന്റിയർമാരുമടക്കം ഒന്നിടവിട്ട ദിവസങ്ങളിലാണ് കിടപ്പുരോഗികളെ പരിചരിക്കാൻ എത്തുന്നത്. പാലിയേറ്റിവ് പരിചരണത്തിനായി 50തോളം പേർക്ക് പരിശീലനം നൽകി. ഇടവിട്ടുള്ള ദിവസങ്ങളിൽ രണ്ട് വളന്റിയർമാരുടെ സേവനം വാഹനത്തിലുണ്ടാകും.
രോഗികളുടെ വീടുകളിലെത്തി മരുന്നുകളും സൗജന്യമായി നൽകുന്നുണ്ട്. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനവും നൽകും. ജീവകാരുണ്യ പ്രവർത്തകരായ 127 പേർ ചേർന്നാണ് സൊസൈറ്റി രൂപവത്കരിച്ച് 2021ൽ പ്രവർത്തനം തുടങ്ങിയത്. സുമനസ്സുകൾ നൽകുന്ന വലുതും ചെറുതുമായസഹായമാണ് പ്രവർത്തന മൂലധനം.
വി.കെ. മുരളി സെക്രട്ടറിയും പഞ്ചായത്ത് ഉപാധ്യക്ഷൻ സ്വാമിനാഥൻ പ്രസിഡന്റും നാരായണൻ ട്രഷറായും നേതൃത്വം നൽകുന്ന 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. പായസ ചലഞ്ച് നടത്തിയും സുമനസ്സുകൾ നൽകുന്ന സഹായം കൊണ്ടുമാണ് സൊസൈറ്റിയുടെ പ്രവർത്തനം മുടങ്ങാതെ മുന്നോട്ടുപോകുന്നത്.
മൂന്നുവർഷം കൊണ്ട് തന്നെ ഈ സൊസൈറ്റി നാടിന്റെ അഭിമാനകേന്ദ്രമായി മാറി. നിലാരംഭരായ വയോജനങ്ങൾക്കും സഹായം ചെയ്തുവരുന്നുണ്ട്.
ആലത്തൂർ: ജീവിതം തളർന്നുപോയവർക്ക് താങ്ങാണ് ആലത്തൂരിലെ ‘കൃപ’ പാലിയേറ്റിവ് കെയർ. ഒരുദശകം മുമ്പ് പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് ആലത്തൂർ താലൂക്കിലെ നിരവധി രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാണ്. കോവിഡ് കാലത്തും കൃപയുടെ മുടങ്ങാത്ത സേവനം ആശ്വാസമായിരുന്നു.
പ്രതിസന്ധിഘട്ടങ്ങളിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വിഷമങ്ങൾ സഹിക്കേണ്ടി വന്നെങ്കിലും രോഗത്താൽ അവശരായി വേദനയിൽ കഴിയുന്നവരെ സഹായിക്കാൻ തടസ്സം വന്നില്ല.
അശരണരെ പരിചരിച്ചും വീടുകളിലേക്കാവശ്യമായ ഭക്ഷ്യസാധനങ്ങൾ സൗജന്യമായി നൽകിയും സേവനരംഗത്ത് സജീവമാണ് കൃപയുടെ പ്രവർത്തകർ. അർബുദം, കിഡ്നി, പക്ഷാഘാതം, വാർധക്യസഹജം, പാരപ്ലീജിയ എന്നീ രോഗികളായ 350ഓളം പേരാണ് കൃപയുടെ സംരക്ഷണത്തിലുള്ളത്.
കോവിഡ് കാലത്ത് തൊഴിലില്ലാതായതോടെ ഭക്ഷണത്തിനും മരുന്നിനും രോഗികൾക്ക് പ്രയാസമുണ്ടായപ്പോൾ ഭക്ഷണക്കിറ്റുകളും മരുന്നുകളും വീടുകളിലെത്തിച്ചും സാന്ത്വനമേകി. ആഴ്ചയിലെ മുഴുവൻ ദിവസവും പ്രവർത്തിക്കുന്നതിന് ആവശ്യമായ വാഹനവും നഴ്സ് ഉൾപ്പെടെയുള്ള സേവനവിഭാഗവും ഇവർക്കുണ്ട്.
ഹോം കെയറുകളിലൂടെ മുറിവുകെട്ടൽ, കുളിപ്പിക്കൽ, കെട്ടിക്കിടക്കുന്ന മലം ഒഴിവാക്കൽ, ഭക്ഷണത്തിനും മൂത്രം പോകാനുമായി ട്യൂബിടൽ, രക്ത പരിശോധന എന്നിവയെല്ലാം നിർവഹിക്കുന്നതോടോപ്പം ആവശ്യമായ സർജിക്കൽ ഉപകരണങ്ങൾ, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കുകയും ചെയ്യുന്നു.
കൂടാതെ ആഴ്ചതോറും നടക്കുന്ന ഒ.പി പരിശോധന, ഫിസിയോ തെറാപ്പി എന്നിവയുമുണ്ട്. സൗജന്യമായി മരുന്ന്, പഠനോപകരണം, പലവ്യജ്ഞന കിറ്റ്, അരി, തീരെ പാവപ്പെട്ടവർക്ക് പെൻഷൻ എന്നിവയും ഈ കാലമത്രയും നൽകാൻ അവർക്ക് കഴിയുന്നു. വളന്റിയർമാർക്കും പൊതുജനങ്ങൾക്കുമായി പരിശീലനവും ബോധവത്കരണവും നൽകുന്നുണ്ട്. ജാതിമത ഭേദമന്യേ സമൂഹത്തോടുള്ള പ്രതിബന്ധതയാണ് കൃപയിലൂടെ അതിന്റെ പ്രവർത്തകർ നിർവഹിക്കുന്നത്.
ഇതിന്റെയെല്ലാം പിന്നിൽ അഭ്യുദയാകാംക്ഷികളും സഹകാരികളും നൽകുന്ന സഹായങ്ങൾ മാത്രമാണെന്നത് ഭാരവാഹികൾ പ്രത്യേകം ഓർമിപ്പിക്കുന്നു. പ്രസിഡന്റ് അബ്ദുറഹ്മാൻ ഹൈദർ, ജനറൽ സെക്രട്ടറി കെ.എം. ഹസനാർ കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരുസംഘം പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.
പാലക്കാട്: മാറാരോഗങ്ങളും ശാരീരിക-മാനസിക വൈകല്യങ്ങളും കാരണം അവശത അനുഭവിക്കുന്നവര്‍ക്ക് സ്നേഹവും സാന്ത്വനവും പകര്‍ന്ന് ചേര്‍ത്തുപിടിക്കുകയാണ് മർഹമ പാലിയേറ്റിവ് കെയർ. 12 പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് പ്രതീക്ഷയുടെ ചിറകുവിടർത്തിയാണ് മർഹമയുടെ പ്രവര്‍ത്തനം. ഒറ്റപ്പാലം താലൂക്കിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ പഴയലക്കിടിയിലാണ് മർഹമ പാലിയേറ്റിവ് പ്രവർത്തിച്ചുവരുന്നത്.
2012ൽ കുന്നപ്പുള്ളി റഹീമും റഹീമ ടീച്ചർ ആലത്തൂർ, അനസ് കുന്നപ്പുള്ളി, ജാഫറലി പടിഞ്ഞാറക്കര എന്നിവരുടെ നേതൃത്വത്തിലാണ് മർഹമ പാലിയേറ്റിവ് തുടക്കംകുറിച്ചത്. ഇന്ന് സമീപപ്രദേശങ്ങളടക്കം ഒട്ടേറെ രോഗികൾക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങൾക്കും ആശ്വാസമാണ് മർഹമ.
അയ്യായിരത്തിൽപരം രോഗികൾക്ക് സേവനങ്ങൾ നൽകികഴിഞ്ഞു. നിർധനരായ രോഗികൾക്ക് മരുന്നുകളും ഭക്ഷണകിറ്റുകളും പെൻഷൻ സമ്പ്രദായവും ആംബുലൻസ് സേവനങ്ങളും സർജിക്കൽ ഉപകരണങ്ങളും നൽകുന്നുണ്ട്.
ആഴ്ചയിൽ അഞ്ചുദിവസം വീടുകളിൽ പോയി രോഗിപരിചരണവും നൽകിവരുന്നു. നൂറോളം വളന്റിയർമാർ ഇതിൽ പ്രവർത്തിച്ചുവരുന്നുണ്ട്. പാലിയേറ്റിവ് പ്രവർത്തനം സജീവമല്ലാത്ത ഇടങ്ങളിലേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ താൽപര്യമുള്ളവർക്ക് അവർക്കുവേണ്ട സഹായങ്ങൾ സജ്ജമാണ്.
സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ ക്ലാസുകൾ എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്.
മാസത്തിൽ രണ്ടുദിവസം ഡോക്ടറുടെ സേവനം നൽകും.
എ.കെ.ഡബ്ല്യൂ.ആർ.എഫിന്റെ (ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ) മുഴുവൻ പ്രവർത്തനങ്ങളിലും മർഹമ പാലിയേറ്റിവ് സജീവമായി സഹകരിക്കുന്നുണ്ട്. എല്ലാവർഷവും പാലിയേറ്റിവ് രോഗികളുടെ സംഗമം നടത്താറുണ്ട്.
പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണക്കിറ്റ് വിതരണം, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, സ്കൂൾ കിറ്റ് വിതരണം എന്നിവയും മർഹമ പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തില്‍ നൽകുന്നുണ്ട്. ഷംസുദ്ദീൻ പത്തിരിപ്പാല (ചെയർമാൻ), ഫൈസൽ ലക്കിടി (വൈസ് ചെയർമാൻ) നദീറ ലക്കിടി (സെക്രട്ടറി) എന്നിവരാണ് നേതൃത്വം നൽകുന്നത്. പ്രവാസികളുടെയും നാട്ടുകാരുടെയും സഹായമാണ് സ്ഥാപനത്തിന്റെ വരുമാനം.
മുണ്ടൂർ: സാന്ത്വന പരിചരണരംഗത്ത് ആത്മസമർപ്പണത്തിന്റെ നറുനിലാവ് പരത്തി പുതുപ്പരിയാരം വിദ്യാനഗർ ആഷിഖ് നിവാസിൽ ഇ. അബ്ദുൽ കരീബ് രോഗി പരിചരണ രംഗത്ത് മൂന്നുപതിറ്റാണ്ട് പിന്നിടുകയാണ്. പാലക്കാട് ജില്ല ആശുപത്രിയിൽ മാത്രം 13 വർഷങ്ങൾ. സർക്കാർ സർവിസിൽ രണ്ട് പതിറ്റാണ്ട് കാലം സേവനമനുഷ്ഠിച്ചു.
അബ്ദുൽ കരീബ്ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ചശേഷം പ്രതിഫലം വാങ്ങിക്കാതെ എല്ലാദിവസവും നഴ്സിന്റെ പരിചരണവും സ്നേഹവും പകരാൻ അബ്ദുൽ കരീബും സംഘവും കിടപ്പിലായ രോഗികൾക്ക് സാന്ത്വനം പകരാൻ ഓടിയെത്തും.
അർബുദരോഗിയുടെ മുറിവുതുടച്ച് വൃത്തിയാക്കി മരുന്നുവെച്ച് മടങ്ങുമ്പോൾ കൈ ഉയർത്തി ഹസ്തദാനം ചെയ്യുമ്പോൾ അബ്ദുൽ കരീബിന്റെ മനസ്സിൽ ആത്മസംതൃപ്തിയുടെ പുഷ്പങ്ങൾ വിരിയും.
അറപ്പോടെയും വെറുപ്പോടെയും പലരും സമീപിക്കുന്നവരുടെ മുമ്പിൽപോലും അബ്ദുൽ കരീബിന്റെ മനസ്സലിവിന്റെ സാന്ത്വനത്തിന് പകരംവെക്കാൻ മറ്റൊന്നുമില്ല. നിലവിൽ മുണ്ടൂർ കെ.സി. ബാലകൃഷ്ണൻ സ്മാരക പാലിയേറ്റിവ് കെയർ സെന്ററിന്റെ കീഴിലെ 600ലധികം കിടപ്പിലായ രോഗികളുടെ വീട്ടിലും ഈ കേന്ദ്രത്തിലെ അബ്ദുൽ കരീബും സംഘവും വരുന്നു.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ, കേരളശ്ശേരി, കോങ്ങാട് എന്നീ പഞ്ചായത്തുകളിൽ സാന്ത്വന സംഘം പരിചരണത്തിനെത്തുന്നത്. അടിയന്തര ഘട്ടങ്ങളിൽ അവധി ഒഴിവാക്കിയും ഇദ്ദേഹം സേവനത്തിനെത്താറുണ്ട്. രണ്ട് ആംബുലൻസ്, നാല് നഴ്സുമാർ, ഡോക്ടർ, ഡ്രൈവർ ഉൾപ്പെടെ 10ഓളം പേർ പാലിയേറ്റിവ് കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
അടിയന്തരഘട്ടങ്ങളിൽ ഈ കേന്ദ്രത്തിൽ കിടത്തി പരിചരണം നൽകുന്നു. മൃഗസംരംക്ഷണ വകുപ്പ് ജീവനക്കാരിയായ സക്കീനയുടെയും ഏകമകൻ ആഷിക്കിന്റെയും പിന്തുണയും അബ്ദുൽ കരീബിന്റെ സേവനമനസ്കതക്ക് കൂട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.