പട്ടാമ്പി: ആശയറ്റവർക്ക് പ്രതീക്ഷയുടെ തണലൊരുക്കുകയാണ് കൊപ്പം പഞ്ചായത്തിലെ വിയറ്റ്നാംപടിയിലെ ദയ പാലിയേറ്റിവ് കെയർ. കിടപ്പിലായ രോഗികൾക്കും നിർധനരായ കുടുംബങ്ങൾക്കും സെന്റർ സഹായകമാണ്. 2016 ജനുവരിയിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നിരവധി രോഗികൾക്കും നിർധനരായ കുടുംബങ്ങൾക്കും ആശ്വാസമാണ്.
2019 ഒക്ടോബറിൽ ജില്ലയിലെ പാലിയേറ്റിവ് കൂട്ടായ്മയായ കൺസോർഷ്യം ഓഫ് പാലിയേറ്റിവ് കെയർ ഇനീഷ്യറ്റിവ് ഇൻ പാലക്കാട് (സി.പി.ഐ.പി)യിൽ രജിസ്റ്റർ ചെയ്യുകയും ഹോം കെയർ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഇപ്പോൾ നഴ്സസ് വളന്റിയർ ടീം ഹോംകെയർ നടത്തുന്നത്.
കൊപ്പം, തിരുവേഗപ്പുറ, വിളയൂർ, മുതുതല പഞ്ചായത്ത് പരിധിയിലെ നൂറിലധികം രോഗികളെയാണ് സ്ഥാപനം പരിചരിക്കുന്നത്. ഇവിടെ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത മാനസികാരോഗ്യ കേന്ദ്രം ഏറെ ആശ്വാസകരമാണ്. എല്ലാ തിങ്കളാഴ്ചയും സൈക്യാട്രി ഒ.പിയുമുണ്ട്. നാട്ടിലെ നിർധനരായ മാനോരോഗികൾക്ക് ചികിത്സയും മരുന്നും സ്ഥാപനം നൽകുന്നുമുണ്ട്. കോഴിക്കോട് ആസ്ഥാനമായ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പ്രവർത്തനം.
പ്രവാസികളുടെയും നാട്ടുകാരുടെയും സഹായവും വിവിധ കടകളിലും വീടുകളിലും സ്ഥാപിച്ച ബോക്സ് കലക്ഷനുമാണ് സ്ഥാപനത്തിന്റെ വരുമാനം. നട്ടെല്ലിന് ക്ഷതംപറ്റി ജീവിതം വീൽചെയറിലായ സഹോദരങ്ങൾക്ക് ആഴ്ചയിലൊരിക്കൽ ഡേകെയർ സംവിധാനം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ദയ. ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് എ.കെ. ഈസ (പ്രസി), കെ.ടി. ഹനീഫ (സെക്ര), പി. ഫൈസൽ (ട്രഷ), കെ. ഹസൻ റഷീദ് (ഹോംകെയർ ഇൻചാർജ്) എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.