പട്ടാമ്പി: താലൂക്ക് ആശുപത്രി വികസനത്തിന് റെയിൽവേ തടസ്സമാണെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പുതിയ കെട്ടിടത്തിന് റെയിൽവേ അനുമതി ലഭിക്കാത്ത പ്രശ്നമുണ്ട്. പുതിയൊരു സ്ഥലം കണ്ടെത്താൻ കഴിഞ്ഞാൽ സ്കാനിങ് സൗകര്യമുള്ള ഡയഗ്നോസ്റ്റിക് സെന്റർ അടക്കം ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. താലൂക്ക് വികസന സമിതി യോഗത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ പ്രതിനിധി കെ.ആർ. നാരായണ സ്വാമി ഉന്നയിച്ച പ്രശ്നങ്ങളിൽ പ്രതികരിക്കുകയായിരുന്നു എം.എൽ.എ.
ആരോഗ്യമന്ത്രി വീണ ജോർജ് വന്ന് ഉദ്ഘാടനം ചെയ്ത പീഡിയാട്രിക് ഐ.സി.യു വാർഡ് പ്രവർത്തിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. ഡയാലിസിസ് സെന്ററും രോഗികൾക്കുപയുക്തമാവുന്നില്ല. ഐ.സി.യു തുടങ്ങാൻ നാല് ജീവനക്കാരെങ്കിലും വേണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എ. റഹ്മാൻ പറഞ്ഞു. അത് ലഭ്യമല്ലാത്തതാണ് പ്രശ്നം. പുതിയ ജനറേറ്ററും ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രകാലം ജനറേറ്ററിന്റെ ആവശ്യം ഉയർന്നിട്ടില്ലെന്നായി എം.എൽ.എ. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ആറുമാസമായി നടന്നിട്ടില്ലെന്ന് കൗൺസിലർ കൂടിയായ കെ.ആർ. നാരായണ സ്വാമി പരാതിപ്പെട്ടു.
പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമുള്ള റോഡ് നിർമാണത്തിലെ മെല്ലെപ്പോക്കും എം.പി പ്രതിനിധി ചൂണ്ടിക്കാട്ടി. ജൽ ജീവൻ മിഷൻ പൈപ്പിടൽ പൂർത്തിയാകാത്തതാണ് കാരക്കുത്ത്-മാഞ്ഞാമ്പ്ര റോഡ് നിർമാണത്തിന് തടസ്സമെന്നായിരുന്നു പരാതി. സ്പെഷൽ ഫണ്ട് വെച്ച് പ്രശ്നം പരിഹരിച്ചിട്ടും റോഡ് നവീകരണം നടക്കുന്നില്ല. കരാറുകാരൻ ഉടൻ പ്രവൃത്തി പൂർത്തിയാക്കുകയോ അല്ലെങ്കിൽ നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കുകയോ വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പട്ടാമ്പി തടയണ നിർമാണം ബന്ധപ്പെട്ട വകുപ്പിന്റെ നിസ്സംഗത മൂലം തുടങ്ങാൻ കഴിയുന്നില്ലെന്ന പരാതിയും ഉയർന്നു. രണ്ടു മാസമായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവുന്നില്ല. ടെൻഡറെടുത്ത കരാറുകാരൻ പണി നിർത്തിപ്പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെ സംഭവിച്ചാൽ വലിയൊരു പദ്ധതി നഷ്ടപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. ഒരാഴ്ചക്കകം നിർമാണാനുമതി നൽകണമെന്ന് എം.എൽ.എ നിർദേശിച്ചു. ഭൂമിയുടെ രേഖകൾ കൈമാറാൻ ജനങ്ങൾക്കുള്ള വൈമുഖ്യം ഡിജിറ്റൽ സർവേ പൂർത്തിയാക്കാൻ തടസ്സമാണെന്ന് തഹസിൽദാർ ടി.പി. കിഷോർ ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പ്രസിഡന്റുമാരായ ഗീത മണികണ്ഠൻ, അഡ്വ. വി.പി. റജീന,പഞ്ചായത്ത് പ്രസിഡന്റുമാരായ രതി ഗോപാലകൃഷ്ണൻ, വി.വി. ബാലചന്ദ്രൻ, എം.ടി. മുഹമ്മദലി, എം.പി പ്രതിനിധി സി.എം. അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി. മുഹമ്മദ്, കോടിയിൽ രാമകൃഷ്ണൻ, അഷ്റഫലി വല്ലപ്പുഴ, തഹസിൽദാർ ടി.പി. കിഷോർ, ഡെപ്യൂട്ടി തഹസിൽദാർ വി.പി. സെയ്തുമുഹമ്മദ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.