പട്ടാമ്പി: പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തേജസ് സൂര്യ ഫിനാൻസ്, സൂര്യ നിധി ലിമിറ്റഡ് എന്നിവിടങ്ങളിൽനിന്നായി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ ഒറ്റപ്പാലം പേരൂർ പെരുമ്പറയൂർ ഹരീഷ് (34), തിരുവേഗപ്പുറ മുള്ളതൊടി രജീഷ് (27) എന്നിവരെയാണ് ബുധനാഴ്ച പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരായ ചിലർ ചേർന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ കണക്കുകളിൽ തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
പ്രതികൾ രേഖകളിൽ കൃത്രിമം കാണിച്ച് സ്വർണം പണയംവെച്ചതായി കാണിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസന്വേഷണം ആരംഭിച്ചപ്പോൾ ഒന്നാം പ്രതി ആത്മഹത്യാശ്രമം നടത്തുകയും പൊലീസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചു. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ കെ. മണികണ്ഠൻ, സീനിയർ സി.പി.ഒമാരായ സുരേന്ദ്രൻ, സന്ദീപ്, മിജേഷ്, പ്രഭുദാസ് എന്നിവരടങ്ങിയ സംഘമാണ് വിവിധ സ്ഥലങ്ങളിൽനിന്നായി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.