പട്ടാമ്പി: ജില്ല നേതൃത്വത്തിന്റെ അച്ചടക്ക നടപടിക്കെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ പടപ്പുറപ്പാട്. തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളും ജില്ല കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് രാജി വെച്ചേക്കും. പാർട്ടി ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരിൽ അച്ചടക്ക ലംഘനം ആരോപിച്ച് എതിർശബ്ദം ഇല്ലാതാക്കാനാണ് ജില്ല നേതൃത്വം ശ്രമിക്കുന്നതെന്ന് നടപടിക്ക് വിധേയരായവരോട് ആഭിമുഖ്യം പുലർത്തുന്നവർ ആരോപിക്കുന്നു.
സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പാർട്ടി കമ്മീഷൻ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എയെ ജില്ല കമ്മിറ്റിയിലേക്കും ജില്ല കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണനെയും മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷിനെയും ബ്രാഞ്ച് കമ്മിറ്റികളിലേക്കും തരം താഴ്ത്തിയാണ് ജില്ല നേതൃത്വം അച്ചടക്ക നടപടിക്ക് തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ ആറ് അംഗങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
കൊപ്പത്ത് നടന്ന മണ്ഡലം സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചു ജയിച്ചവരാണിവർ. ഈ മാസം 30നകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി. ഉമ്മർ(തിരുവേഗപ്പുറ), യൂസഫലി(കൊപ്പം), ദിലീപ് പുലിമുഖം(നെല്ലായ), മാനു എന്ന മുഹമ്മദ്, സിറാജുദ്ദീൻ(ഓങ്ങല്ലൂർ), വി.ടി. സോമൻ(മുതുതല) എന്നിവരാണ് നോട്ടീസ് ലഭിച്ച മണ്ഡലം കമ്മറ്റിയംഗങ്ങൾ. എന്നാൽ വിശദീകരണം നൽകുന്നതോടൊപ്പം അച്ചടക്ക നടപടിയിൽ രാജി വെച്ച് പ്രതിഷേധിക്കാനും തങ്ങളുടെ നിലപാട് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കാനുമുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ഔദ്യോഗിക പാനലിലൂടെ കമ്മിറ്റിയിലെത്തിയ മറ്റു ഒമ്പതു പേരും ഇവർക്കൊപ്പം രാജി വെച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
15 അംഗ മണ്ഡലം കമ്മിറ്റിയിൽ നോട്ടീസ് ലഭിച്ച ആറുപേരടക്കം എട്ടു പേരെ പുറത്താക്കി തങ്ങളോടൊപ്പം നിൽക്കുന്നവരെ ഉൾപ്പെടുത്തി കമ്മിറ്റിയെ വരുതിയിലാക്കാനുള്ള ശ്രമമാണ് അച്ചടക്ക നടപടിയെന്നും ആക്ഷേപമുണ്ട്. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷിന് സ്ഥാനത്തു തുടരാനാവില്ല.
ഈ സാഹചര്യത്തിൽ കൂടെ നിൽക്കുന്ന വിഭാഗത്തിൽനിന്ന് പുതിയ സെക്രട്ടറിയെ കണ്ടെത്താനും ജില്ല നേതൃത്വത്തിനാവും. ഇത് മുന്നിൽ കണ്ടാണ് മണ്ഡലം കമ്മറ്റിയംഗങ്ങളെല്ലാവരും രാജിക്കൊരുങ്ങുന്നത്. ജില്ല കമ്മറ്റിയുടെ അച്ചടക്ക നടപടിക്ക് വിധേയമായ തൃത്താല, മണ്ണാർക്കാട്, നെന്മാറ ഏരിയകളിലും പ്രതിഫലനങ്ങളുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.