പട്ടാമ്പി: ജനകീയ പ്രതിരോധത്തിന് താൽക്കാലിക വിജയം, കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ റവന്യൂ വകുപ്പ് നിർദേശം. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ ജനവാസമേഖലയായ മരുതൂർ തൊണ്ടിയന്നൂരിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനമാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നൽകിയത്.
സ്ഥലം സന്ദർശിച്ച തഹസില്‍ദാര്‍ ബിന്ദു, ഭൂരേഖ തഹസില്‍ദാര്‍ പി. ഗിരിജാദേവി, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.പി. സെയ്തു മുഹമ്മദ് എന്നിവരടങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന്റെ നടപടി ക്വാറിക്കെതിരെ പ്രതിഷേധവുമായി പ്രത്യക്ഷ സമരത്തിനിറങ്ങിയ ജനകീയ സമിതിക്ക് ആശ്വാസമായി.
തിങ്കളാഴ്ച ക്വാറിയിലേക്കെത്തിയ വാഹനങ്ങൾ തടഞ്ഞു സമിതി പ്രക്ഷോഭം കടുപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ഓളം പേരാണ് രാവിലെ മുതല്‍ റോഡില്‍ നിലയുറപ്പിച്ചത്. പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തവെ റവന്യൂ സംഘവും എത്തിയാണ് ക്വാറിയുടെ പ്രവർത്തനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം നടന്ന താലൂക്ക് വികസന സമിതിയിൽ ഇക്കാര്യം ചർച്ചയായപ്പോൾ സ്ഥലം സന്ദർശിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ അധികാരികൾ പറഞ്ഞിരുന്നു.
ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് വിവാദ ക്വാറി. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ക്വാറിയുടെ പ്രവർത്തനം തടയണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടിരുന്നു. ക്വാറിയിലേക്ക് വനഭൂമി കൈയേറി റോഡ് വെട്ടിയെന്നും ആരോപണം ഉയർന്നതാണ്.
ഇതിനിടെ ക്വാറി പ്രവർത്തിച്ചു തുടങ്ങുകയും പാറ പൊട്ടിച്ച് കല്ലുകൾ കയറ്റിപ്പോവുകയും ചെയ്തതോടെയാണ് ലോറികൾ തടഞ്ഞ് നാട്ടുകാർ രംഗത്തിറങ്ങിയത്. ക്വാറിയുടെ പ്രവര്‍ത്തനം മൂലം കേടുപാടുകള്‍ സംഭവിച്ച വീടുകളും സംഘം പരിശോധിച്ചു. ഭൂരേഖയില്‍ പറഞ്ഞതിന് വിരുദ്ധമായാണ് ക്വാറിയിലേക്ക് വഴി വെട്ടിയതെന്നും കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് കൈമാറുമെന്നും ഭൂരേഖ തഹസില്‍ദാര്‍ പി. ഗിരിജ ദേവി പറഞ്ഞു.
നിയമവിരുദ്ധമായി സമ്പാദിച്ച ഉത്തരവിലൂടെ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.