പട്ടാമ്പി: ഇസ്രായേലിന്റെ മനുഷ്യത്വരഹിത നടപടികൾക്കെതിരെ ലോകമനഃസാക്ഷിയുണരണമെന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണങ്ങൾ കേവലം മുസ്ലിംകൾക്കെതിരെയുള്ളതല്ല, മുഴുവൻ മനുഷ്യർക്കുമെതിരെയുള്ള യുദ്ധപ്രഖ്യാപനവും കാടത്തവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത ജില്ല പ്രാർഥന സംഗമം വല്ലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനതയും ഫലസ്തീൻ ജനതയും എന്നും ഒരേ മനസ്സുമായായിരുന്നു നീങ്ങിയത്. സ്നേഹോഷ്മളമായ വികാരമായിരുന്നു രണ്ടു കൂട്ടരും പരസ്പരം കാത്തുവെച്ചിരുന്നത്. ഫലസ്തീനുള്ള ഇന്ത്യ സർക്കാറിന്റെ പിന്തുണയും സഹായവുമായി മുൻ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് ഗസ്സയിലേക്ക് പറന്നെത്തിയ എത്രയോ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. മോദി അധികാരത്തിലെത്തിയ ശേഷം ഫലസ്തീനോട് കാണിക്കുന്ന ശത്രുത ഇന്ത്യയുടെ പാരമ്പര്യത്തിനെതിരാണ്. ഫലസ്തീൻ വിഷയത്തിൽ നാമുയർത്തിപ്പിടിച്ച നയങ്ങൾ പാരമ്പര്യമായി പിന്തുടരുക തന്നെയാണ് ഇന്ത്യക്കും മോദിക്കും കരണീയം. ലോകമാഗ്രഹിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജി.എം. സലാഹുദ്ദീന് മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്, മുഹമ്മദ് മുഹ്സിന്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം, മരയ്ക്കാര്‍ മാരായമംഗലം, സി.പി. മുഹമ്മദ്കുട്ടി മുസ്ലിയാര്, അബ്ദുറഹ്മാന് മുത്തുക്കോയ തങ്ങള്‍, മുഹമ്മദാലി മറ്റാംതടം, മുസ്തഫ അഷ്റഫി കക്കുപ്പടി, കെ.സി. അബൂബക്കര്‍ ദാരിമി, മുഹമ്മദലി ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.