പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തൂതപ്പുഴക്ക് കുറുകെ കാലടിക്കുന്ന് റെഗുലേറ്റർ കം ഫൂട്ട് ബ്രിഡ്ജ് നിർമിക്കുന്നു. പുഴയിൽ മൂന്നു കിലോമീറ്ററോളം ഭാഗത്ത് വെള്ളം സംഭരിച്ചുനിർത്തി കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുന്നതാണ് പദ്ധതി. മുഹമ്മദ് മുഹസിൻ എം.എൽ.എ യുടെ ശ്രമഫലമായി ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 25.5 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
എന്നാൽ, കെ.ഐ.ഐ.ഡി.സി സമർപ്പിച്ച വിശദ ഡി. .പി.ആർ പ്രകാരം കിഫ്ബി 29.48 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. കൈവരികളുൾപ്പെടെ 1.5 മീറ്റർ വീതിയുള്ള നടപ്പാലം നദിയുടെ ഇരുകരകളിലുമായി രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു. 2.5 മീറ്റർ വീതിയുള്ള ഓപ്പറേറ്റിങ് പ്ലാറ്റ്ഫോമും ഷട്ടറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്നു.
പദ്ധതി നടപ്പാക്കുന്നതിലൂടെ സഞ്ചിത കൃഷിയോഗ്യമായ പ്രദേശം നിലവിലുള്ള 144 ഹെക്ടറിൽ നിന്ന് ഏകദേശം 444 ഹെക്ടറായി വർധിപ്പിക്കും. നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി മുഹമ്മദ് മുഹ്സിൻ എം.എല്‍.എ സന്ദര്‍ശനം നടത്തി. പ്രോജക്ട് ഓഫിസ് ആരംഭിച്ച് സ്ഥലം ക്ലിയർ ചെയ്ത് 15 ദിവസത്തിനുള്ളില്‍ റെഗുലേറ്റർ കം ഫൂട്ട് ബ്രിഡ്ജ്നിര്മാണം ആരംഭിക്കുവാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജമാലുദ്ദീൻ, പി.കെ. സുഭാഷ്, വി.ടി. ബിജു തിരുവേഗപ്പുറ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തംഗം ടി.പി. മെറീഷ്, യുവജനക്ഷേമ ബോർഡംഗം ശരീഫ് പാലോളി, ഉമ്മര്‍, രാമചന്ദ്രന്, സി. സുരേഷ്, അഫ്സല്, അനീഷ് വലിയകുന്ന്, ഇഖ്ബാൽ പാലോളി, ടി.പി. അൻവർ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.