പട്ടാമ്പി: വെള്ളിയാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിെൻറ റൺവേയിൽ വിമാനം വീണ് പിളർന്നപ്പോൾ പരമേശ്വരെൻറ സ്വപ്നങ്ങളാണ് ഒരുവേള ശിഥിലമായത്. വലിയൊരു ശബ്ദം മാത്രമേ ഓർമയുള്ളൂ. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വലിയൊരു ദുരന്തത്തിൽനിന്നാണ് രക്ഷപ്പെട്ടതെന്നറിയുന്നത്. വിവാഹ സ്വപ്നവുമായാണ് ദുബൈയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് തിരിച്ചത്. മൂന്നുവർഷമായി അവിടെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന മുതുതല അഴകത്ത് ദാമോദരൻ നമ്പൂതിരിയുടെ ഇളയ മകന് അടുത്തമാസം ഏഴിന് തൃശൂരിൽനിന്നാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്.
കോവിഡ് കാരണം ക്വാറൻറീൻ മുൻകൂട്ടിക്കണ്ടാണ് ദുബൈയിൽതന്നെ ജോലിയുള്ള ചേട്ടൻ രവിശങ്കറിനൊപ്പം നേരത്തേ നാട്ടിലേക്ക് പുറപ്പെട്ടത്. ബയോ മെഡിക്കൽ വിഭാഗത്തിൽ 15 വർഷമായി ജോലിചെയ്യുകയാണ് രവിശങ്കർ. ഏറ്റുമാനൂർ സ്വദേശിനിയായ താര ശങ്കറാണ് ഭാര്യ. ഭാര്യയും നാലു വയസ്സുകാരി മകൾ അയന ശങ്കറും ഇദ്ദേഹത്തോടൊപ്പം ദുബൈയിലായിരുന്നു. പിറന്ന മണ്ണിലിറങ്ങുന്ന നിമിഷങ്ങളെണ്ണിക്കഴിയുമ്പോഴാണ് ഭയാനകമായൊരു ശബ്ദത്തിൽ ഞെട്ടിത്തരിച്ചത്.
കനത്ത മഴയായിരുന്നു കരിപ്പൂരിൽ വിമാനമെത്തുമ്പോഴെന്ന് മാത്രമറിയാം. ബോധം തെളിയുമ്പോൾ രവിശങ്കറും ഭാര്യ താരയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു. പരമേശ്വരനും അയനയും കോഴിക്കോട്ടെ വ്യത്യസ്ത സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിക്കപ്പെട്ടത്. സംഭവമറിഞ്ഞയുടനെ വെള്ളിയാഴ്ച രാത്രിതന്നെ മുതുതലയിൽനിന്ന് ബന്ധുക്കൾ ഇവരെ തേടി പുറപ്പെട്ടിരുന്നു. നാടിെൻറ മുഴുവൻ പ്രാർഥനക്കൊടുവിൽ സാരമല്ലാത്ത പരിക്കുകളോടെ നാലുപേരും ജീവിതം തിരിച്ചുപിടിച്ചു. കാലിനും മുഖത്തുമാണ് പരിക്ക്. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. വലിയൊരാപകടത്തിൽനിന്ന് മക്കളെ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് റിട്ട. അധ്യാപകരായ മാതാപിതാക്കളായ ദാമോദരൻ നമ്പൂതിരിയും സുജാത അന്തർജനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.