ഡി.വൈ.എഫ്.െഎയുടെ പഠനോപകരണങ്ങൾ പി. വിജയകുമാരൻ കൗസല്യക്ക് കൈമാറുന്നു

മലയാളി മാമന്മാരുടെ സ്നേഹത്തിൽ കൗസല്യയുടെ ബിരുദ സ്വപ്​നം പൂവണിയുന്നു

പട്ടാമ്പി: രണ്ടു​ വർഷമായി മുടങ്ങിയ കൗസല്യയുടെ ബിരുദസ്വപ്നം പൂവണിയുന്നു. തമിഴ്നാട്ടുകാരിയായ കൗമാരക്കാരിയുടെ മോഹത്തിന് മലയാളി മാമന്മാരാണ് നിറമേകുന്നത്. 90 ശതമാനത്തിനടുത്ത് മാർക്ക് നേടി പ്ലസ് ടു വിജയിച്ച കൗസല്യ രണ്ട്​ വർഷമായി വീട്ടിനകത്തിരിപ്പാണ്.

30 വർഷത്തിലേറെയായി ശങ്കരമംഗലം പ്രദേശത്ത് വാടകവീടുകളിൽ താമസിക്കുന്ന പാണ്ട്യൻ-പാണ്ഡ്യലക്ഷ്മി ദമ്പതികളുടെ മൂന്നാമത്തെ മകളാണ് കൗസല്യ. തുച്ഛവരുമാനം കൊണ്ടാണ് അഞ്ചു​ മക്കളടങ്ങുന്ന കുടുംബത്തെ പാണ്ട്യൻ പോറ്റുന്നത്. പ്രാരബ്​ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ സ്വന്തമായി ഒരുവീട് എന്നതാണയാളുടെ സ്വപ്നം. അതിനിടയിൽ മൂത്തമകളെ വിവാഹം കഴിപ്പിച്ചയച്ചു. പഠിക്കാൻ മിടുക്കിയാണെങ്കിലും കൗസല്യയുടെ സ്വപ്‌നങ്ങൾ കരിഞ്ഞുണങ്ങുന്നതിന് മൂകസാക്ഷിയാവുകയേ അയാൾക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ.

കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ട ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനം നടത്താൻ കഴിയാത്ത വിദ്യാർഥികളെ കണ്ടെത്തി സഹായിക്കാൻ ഡി.വൈ.എഫ്.ഐ നടത്തിയ അന്വേഷണത്തിലാണ് തുടർപഠനം മുടങ്ങിയ കൗസല്യയെ കണ്ടെത്തിയത്.

തുടർന്ന് പഠനത്തി​െൻറ പൂർണചെലവ്​ വഹിക്കാൻ ശങ്കരമംഗലം മേഖല കമ്മിറ്റി തയാറാവുകയായിരുന്നു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് എം. ഷാഹുൽ ഹമീദും സി.പി.എം വാർഡ് സെക്രട്ടറി ശ്രീനിവാസനും അക്ഷയകേന്ദ്രത്തിലെത്തി കൗസല്യയുടെ ഡിഗ്രി പ്രവേശനത്തിനുള്ള രജിസ്ട്രഷൻ നടത്തി.

ബ്ലോക്ക് ജോയൻറ് സെക്രട്ടറി പി.ആർ. രജീഷ്, മേഖല സെക്രട്ടറി എം.എസ്. ശ്രീജേഷ്, കെ. അലി, എം. ഷാഹുൽ ഹമീദ്, യൂനിറ്റ് സെക്രട്ടറി ശ്രീനാഥ്, വി.ടി. നിസാർ എന്നിവരോടൊപ്പം ബുധനാഴ്ച വീട്ടിലെത്തിയ സി.പി.എം ശങ്കരമംഗലം ലോക്കൽ സെക്രട്ടറി പി. വിജയകുമാരനും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.വി. രതീഷും ചേർന്ന് കൗസല്യക്ക് പഠനോപകരണങ്ങൾ കൈമാറി. രണ്ടാമത്തെ മകൾ സരസ്വതി മണ്ണാർക്കാട് എം.ഇ.എസ് കോളജിലെ അവസാനവർഷ ഫുഡ് മാനേജ്മെൻറ്​ വിദ്യാർഥിയാണ്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി ജീവിക്കുന്ന കുടുംബത്തിലെ മറ്റു രണ്ടു കുട്ടികളുടെ പഠനസൗകര്യം കൂടി ഏറ്റെടുക്കാൻ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ സന്നദ്ധത നിറകണ്ണുകളോടെ പാണ്ട്യൻ സ്വീകരിച്ചു. 

Tags:    
News Summary - Kausalya Re Start Her Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.