പട്ടാമ്പി: മോട്ടോർ വാഹനവകുപ്പിനെതിരെ പൊട്ടിത്തെറിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റെജീന. കൂറ്റനാട് ബസ് സ്റ്റാന്റിൽ ബസുകൾ കയറിയില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്ന് പറഞ്ഞ് യാതൊന്നും ചെയ്യാത്ത ആർ.ടി.ഒ സമീപനത്തെയാണ് താലൂക് വികസന സമിതി യോഗത്തിൽ അതിരൂക്ഷമായി റജീന വിമർശിച്ചത്.
എത്ര വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു എന്ന ചോദ്യത്തിന് തങ്ങൾ അവിടെയെത്തിയപ്പോൾ ബസ്സുകൾ സ്റ്റാൻഡിൽ കയറിയിരുന്നെന്നും കുറ്റം കണ്ടുപിടിക്കാൻ കാമറ സ്ഥാപിക്കാൻ പഞ്ചായത്തിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. കാമറ സ്ഥാപിക്കുംവരെ ഒന്നും ചെയ്യാനില്ലെന്ന നിലപാടിൽ തഹസിൽദാർ ടി.പി.കിഷോർ അതൃപ്തി രേഖപ്പെടുത്തി. മറുപടിയും റിപ്പോർട്ട് ചെയ്യലുമല്ലാതെ ഉന്നയിക്കപ്പെടുന്ന കാര്യങ്ങൾക്കൊന്നിനും ഫലമുണ്ടാകുന്നില്ലെന്ന് വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.അബ്ദുല്ലത്തീഫ് കുറ്റപ്പെടുത്തി. കേരളത്തെ ഞെട്ടിച്ച കോഴിക്കോട് വ്യാപാരി കൊലക്കേസിലെ പ്രതികൾ വല്ലപ്പുഴക്കാരും ലഹരി മാഫിയ ബന്ധമുള്ളവരുമാണെന്ന് അഷ്റഫലി വല്ലപ്പുഴ പറഞ്ഞു.
ജലജീവൻ മിഷന്റെ ഉത്തരവാദിത്വപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കാത്തതും ആക്ഷേപങ്ങൾക്കിടയായി. ഐ.സി.ഡി.എസ് നിയമനങ്ങൾ പഞ്ചായത്ത് അറിയാതെ നടത്തുന്നതിൽ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.രമണി പ്രതിഷേധിച്ചു. കുലുക്കല്ലൂർ ഇട്ടക്കടവിൽ സ്വകാര്യ വ്യക്തി പൊതുസ്ഥലം കൈയേറിയാണ് കെട്ടിടം നിർമിക്കുന്നതെന്ന് കണ്ടുപിടിച്ചിട്ടുണ്ടെന്നും പൊതുമരാമത്തു വകുപ്പ് നടപടി സ്വീകരിക്കണമെന്നും തഹസിൽദാർ ആവശ്യപ്പെട്ടു. ഓങ്ങല്ലൂർ വില്ലേജ് ഓഫിസർക്കെതിരെ ഉയർന്ന പരാതികളിലും പരിശോധന നടത്തി ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. പട്ടാമ്പി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.