പട്ടാമ്പി (പാലക്കാട): കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ അവിഹിത കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ച കോൺഗ്രസ്-മുസ്ലിം ലീഗ് നേതൃത്വം ബി.ജെ.പി അംഗത്തിന് എത്ര കോഴ നൽകിയെന്ന് വ്യക്തമാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. കോൺഗ്രസിലെ 'സെമികേഡർ'എന്നാൽ ആർ.എസ്.എസിെൻറ കേഡർമാരാവുകയാണെന്ന് ഇതോടെ വ്യക്തമായി.
വികസനപ്രവർത്തനങ്ങൾ തുടർന്നാൽ എൽ.ഡി.എഫിന് ഉണ്ടാകുന്ന ജനകീയ പിന്തുണ ഭയന്നാണ് യു.ഡി.എഫിലെ അധികാരമോഹികൾ ജനാധിപത്യത്തെ പണം കൊണ്ടുവാങ്ങാനുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ പറഞ്ഞുറപ്പിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയുടെ പുറത്താക്കൽ നാടകം. കൊപ്പത്തെ വികസന തുടർച്ച അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ബി.ജെ.പിയെയും യു.ഡി.എഫിനെയും ജനങ്ങൾ ഒറ്റപ്പെടുത്തുമെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു.
കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ ബി.ജെ.പിയുടെ സഹായം തേടിയത് സി.പി.എമ്മാണെന്ന് യു.ഡി.എഫ്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ബി.ജെ.പി ജില്ല-മണ്ഡലം നേതാക്കൾ ബി.ജെ.പി അംഗത്തോട് ആവശ്യപ്പെട്ടത് സി.പി.എമ്മിനെ സഹായിക്കാനായിരുന്നു.
ബി.ജെ.പി.യും സി.പി.എമ്മും വിട്ടുനിന്നാൽ പ്രമേയം ചർച്ചക്കെടുക്കാൻ കഴിയുമായിരുന്നില്ല. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ലെന്നും നേതാക്കളായ ഇ. മുസ്തഫ, എ.പി. രാമദാസ് എന്നിവർ പറഞ്ഞു.
കൊപ്പം പഞ്ചായത്തിലെ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ആപത്താണെന്ന് എൻ.സി.പി. അധികാരമോഹികളെ ജനം തിരിച്ചറിയണമെന്നും ജില്ല ജനറൽ സെക്രട്ടറി കെ.പി. അബ്ദുറഹിമാനും ബ്ലോക്ക് പ്രസിഡന്‍റ് പി. സുന്ദരനും ആവശ്യപ്പെട്ടു.
കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എട്ടിനെതിരെ ഒമ്പത് വോട്ടുകളോക്‍യാണ് പാസായത്. പാർട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി അംഗം എം.പി. അഭിലാഷ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ഇരുമുന്നണികൾക്കും എട്ട് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് ഒന്നരവർഷം മുമ്പ് ടി. ഉണ്ണികൃഷ്ണൻ (സി.പി.എം) പ്രസിഡന്‍റായത്. അന്ന് ഏക ബി.ജെ.പി അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിപ്പ് ലംഘിച്ച് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത ഒന്നാം വാർഡ് ബി.ജെ.പി മെംബർ എ.പി. അഭിലാഷിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായും പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായും ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എം. ഹരിദാസ് അറിയിച്ചു.
തെരഞ്ഞെടുപ്പിൽ ബി.ഡി.ഒ എ.കെ. സരിത വരണാധികാരിയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്-ബി.ജെ.പി. കൂട്ടുകെട്ട് അവിശ്വാസ പ്രമേയത്തിൽ പുറത്തുവന്നതായി സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒന്നാം വാർഡിൽ ബി.ജെ.പിക്ക് യു.ഡി.എഫ് വോട്ട് മറിച്ചുനൽകുകയും പ്രത്യുപകാരമായി പതിനാലാം വാർഡിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് നേടുകയും ചെയ്താണ് രണ്ടിടത്തും വിജയിച്ചത്.
യു.ഡി.എഫിന് വോട്ട് ചെയ്ത ബി.ജെ.പി അംഗത്തിനെതിരെയുള്ള അച്ചടക്ക നടപടിയിൽ ആത്മാർഥതയുണ്ടെങ്കിൽ അംഗത്തെ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കണം. കമ്മറ്റി പിരിച്ചുവിട്ടതും അംഗത്തെ പുറത്താക്കിയതും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള നാടകം മാത്രമാണ്.
ബി.ജെ.പിയുടെ പിന്തുണയോടെ ഒരു നിമിഷം പോലും ഭരിക്കില്ലെന്ന മുസ്ലിംലീഗ് പ്രഖ്യാപനത്തെക്കുറിച്ചുള്ള യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം നേതാക്കളായ എൻ. ഉണ്ണികൃഷ്ണൻ, ടി. ഗോപാലകൃഷ്ണൻ, എൻ.പി. വിനയകുമാർ, യു.അജയകുമാർ, എ. സോമൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.