പട്ടാമ്പി: കരിങ്കൽ ക്വാറിയിലേക്കുള്ള ലോറികളുടെ ഓട്ടം കാരണം തൊണ്ടിയന്നൂർ റോഡ് തകർന്നതിനാൽ യാത്ര ദുരിതമായി. ഓങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ക്വാറിയിലേക്കുള്ള ലോറികളാണ് റോഡ് തകർത്തതെന്ന് നാട്ടുകാർ പറയുന്നു. ജനകീയ പ്രതിഷേധം നിയമപരമായി മറികടന്ന് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ക്വാറി പ്രവർത്തനം തുടങ്ങിയത്.
പാറ പൊട്ടിക്കുമ്പോഴുള്ള വലിയ ശബ്ദവും കുലുക്കവും സമീപ വീടുകൾക്ക് ഭീഷണി ഉയർത്തുമ്പോഴാണ് റോഡ് തകർച്ചയും ഇരുട്ടടിയാകുന്നത്. മരുതൂർ, ആമയൂർ റോഡിൽനിന്ന് ക്വാറി പ്രവർത്തിക്കുന്ന തൊണ്ടിയന്നൂർ ഭാഗത്തേക്കുള്ള ടാർ റോഡാണ് തകർന്നത്.
ജനവാസ കേന്ദ്രത്തിൽ ക്വാറിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭ സമിതി രൂപവത്കരിച്ച് സമരം നടത്തിയെങ്കിലും ഹൈകോടതി അനുമതിയോടെ ക്വാറി തുടങ്ങുകയായിരുന്നു. ക്വാറിയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ പഞ്ചായത്തിനും ജില്ല കലക്ടർക്കും പരാതി നൽകിയതിനെ തുടർന്ന് ദിവസങ്ങൾ മാത്രം പ്രവർത്തനം നിർത്തിവച്ച ക്വാറി അടുത്തിടെ വീണ്ടും തുറന്നു.
പ്രക്ഷോഭ സമിതി ക്വാറിക്കെതിരെ നൽകിയ ഹരജിയിൽ ഹൈകോടതിയുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ക്വാറി ലൈസൻസ് പുതുക്കിയത് ചോദ്യം ചെയ്ത് പ്രക്ഷോഭ സമിതി കഴിഞ്ഞ മാർച്ചിൽ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പരിസരവാസികൾക്ക് വിഷമം ഉണ്ടാക്കുന്നതായി കണ്ടാൽ പഞ്ചായത്തിന് ഇടപെടാമെന്ന് പറഞ്ഞിരുന്നു.
പ്രദേശവാസികൾക്ക് വഴിനടക്കാൻ പോലും കഴിയാത്ത വിധം റോഡ് തകർന്നിട്ടും പഞ്ചായത്ത് മൗനം പാലിക്കുന്നതിൽ നാട്ടുകാർക്ക് എതിർപ്പുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.