പട്ടാമ്പി: റവന്യൂ ടവർ നിർമിക്കാൻ ഭൂമി വിട്ടുകൊടുത്തതിനെച്ചൊല്ലി നഗരസഭയിൽ ഭരണ-പ്രതിപക്ഷ പോര്. മാർക്കറ്റിെൻറ ഭൂമി നൽകിയത് കൗൺസിലിൽ ആലോചിക്കാതെ ആണെന്നും ഇത് മാർക്കറ്റ് വികസനത്തിന് തടസ്സമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, കൗൺസിൽ തീരുമാന പ്രകാരമാണ് ഭൂമി നൽകിയതെന്നും ടവർ യാഥാർഥ്യമാവുമ്പോൾ മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി വികസനം എന്നിവക്കിത് ഉപയോഗിക്കുമെന്നും ഭരണപക്ഷം പറയുന്നു.
ആധുനിക മാർക്കറ്റ് നിർമിക്കണമെന്ന ലക്ഷ്യത്തോടെ കണ്ടെത്തിയ ഭൂമി, മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയില്ല എന്ന ധാരണയോടെയാണ് 2000ലെ ഭരണസമിതി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. ഭൂമി റവന്യൂ ടവർ നിർമാണത്തിനായി കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നഗരസഭ യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
മാർക്കറ്റ് നിർമാണം പൂർത്തിയായി എന്ന് പ്രചരിപ്പിച്ച് ഭൂമി മറ്റാവശ്യങ്ങൾക്കായി കൈമാറ്റം ചെയ്യുന്നത് ശരില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു. 36 കോടി രൂപ ചെലവ് വരുന്ന ആധുനിക മാർക്കറ്റ് സമുച്ചയത്തിെൻറ രൂപരേഖ അന്തിമ അംഗീകാരത്തിനായി തിരുവനന്തപുരം സി.ഇ.യുടെയും ടൗൺ പ്ലാനിങ് ഓഫിസറുടെയും ഓഫിസുകളിൽ അനുമതിക്കായി കാത്തുകിടക്കുകയാണ്.
ഈ സാഹചര്യത്തിൽ ഭൂമി കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നത് പദ്ധതി നഷ് ടപ്പെടാൻ ഇടയാക്കും. റവന്യൂ ടവറിനായി സൗകര്യപ്രദമായ മറ്റു ഭൂമി കണ്ടെത്തണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ സി.എ. സാജിത്, കെ.ആർ. നാരായണ സ്വാമി എന്നിവർ ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രി വികസനത്തിനായി നിലവിലുള്ള മിനി സിവിൽ സ് റ്റേഷൻ കെട്ടിടവും വില്ലേജ് ഓഫിസ് നിൽക്കുന്ന സ്ഥലവും റവന്യൂ വകുപ്പ് നഗരസഭക്ക് കൈമാറാമെന്ന വ്യവസ്ഥയിന്മേൽ കൗൺസിൽ തീരുമാന പ്രകാരമാണ്, റവന്യൂ ടവർ നിർമാണത്തിന് നഗരസഭയുടെ സ്ഥലം നൽകാൻ തയാറായതെന്ന് ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ അറിയിച്ചു. റവന്യൂ ടവർ യാഥാർഥ്യമാക്കുന്നതോടൊപ്പം മത്സ്യ മാർക്കറ്റ് ആധുനികരീതിയിൽ നിലനിർത്തി കൂടുതൽ സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിർമിക്കുമെന്നും അവർ പറഞ്ഞു.
റവന്യൂ ടവർ: നടപടികൾ അവസാനഘട്ടത്തിൽ
പട്ടാമ്പി: റവന്യൂ ടവർ നിർമാണവുമായി ബന്ധപ്പെട്ട് പ്ലാനും ഡിസൈനും തയാറാക്കുന്ന പ്രവർത്തനം അവസാനഘട്ടത്തിലെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാനായി കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഹൗസിങ് ബോർഡ് ചീഫ് എൻജിനീയർ, ചീഫ് ആർക്കിടെക്ട്, ബന്ധപ്പെട്ട എൻജിനീയർമാരും പങ്കെടുത്തു. പട്ടാമ്പിയുടെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാവും റവന്യൂ ടവർ. ഫയർ സ്റ്റേഷൻ ആരംഭിക്കാനും റവന്യൂ ടവറിന് സ്ഥലം നൽകാനും നഗരസഭ എടുത്ത തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്ന് എം.എൽ.എ പറഞ്ഞു. പുതിയ റവന്യൂ ടവർ യാഥാർഥ്യമാകുന്നതോടെ താലൂക്ക് ആശുപത്രിക്ക് കൂടുതൽ സ്ഥലം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.