പട്ടാമ്പി: നിള-ഐ.പി.ടി റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. നിർമാണ പുരോഗതി വിലയിരുത്താൻ സന്ദർശിച്ച വേളയിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈ സംസ്ഥാന പാത ബി.എം.ബി.സി ചെയ്താണ് നവീകരിക്കുന്നത്.
പട്ടാമ്പി മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട 11 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 85 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി വൈറ്റ് മിക്സ് ലെവലിങ്ങും ടെസ്റ്റിങ്ങും പൂർത്തിയായ ഐ.പി.ടി മുതൽ വാടനാംകുറിശ്ശി റെയിൽവേ ഗേറ്റ് വരെയുള്ള റീച്ചിലെ ഒരു കിലോമീറ്റർ ദൂരത്താണ് റബറൈസിങ്ങിന്റെ ആദ്യ ഘട്ടമായ ബി.എം പ്രവൃത്തി നടന്നുവരുന്നത്. മറ്റു ഭാഗങ്ങളിൽ മരം മുറിക്കൽ, വൈദ്യുതി തൂണുകൾ മാറ്റൽ തുടങ്ങിയ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. പത്ത് മീറ്റർ വീതിയിലാണ് പാത നവീകരിക്കുന്നത്. ഓങ്ങല്ലൂർ വരെയുള്ള ഭാഗം വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥലത്ത് സന്ദർശനം നടത്തി മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി. രജീഷ്, സ്ഥിരംസമിതി അംഗങ്ങൾ, മെംബർമാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.