പട്ടാമ്പി: പാലം തുറന്ന് രണ്ടാംദിവസവും ഗതാഗതക്കുരുക്കേറി. ഉച്ചവരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഗുരുവായൂർ റൂട്ടിലുണ്ടായത്. ഇതിന്റെ പ്രതിഫലനം ഗുരുവായൂർ റോഡ് ജങ്ഷനിലും മേലെ പട്ടാമ്പിവരെയും അനുഭവപ്പെട്ടു. ഞാങ്ങാട്ടിരി ഒടിയൻപടിവരെ വാഹനക്കുരുക്കായിരുന്നു. ഒരു ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുമ്പോൾ മിനിറ്റുകളോളം വാഹനങ്ങൾ നിർത്തിയിടേണ്ടിവരുന്നതാണ് പ്രശ്നം. ഇത് നിയന്ത്രിക്കാൻ പാലം തുറന്നദിവസം ശക്തമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും ബുധനാഴ്ച നാമമാത്രമായിരുന്നു.
നിബന്ധനയോടെയുള്ള ഉത്തരവിൽ ജില്ല കലക്ടർ ജില്ല പൊലീസ് മേധാവിക്കാണ് സുരക്ഷാചുമതല നൽകിയിരിക്കുന്നത്. സമയക്രമം തെറ്റാതിരിക്കാൻ സ്വകാര്യ ബസുകൾ ഓവർടേക് ചെയ്യുമ്പോൾ മുന്നോട്ട് പോകാനാവാതെ കുടുങ്ങുന്നതും ടൗണിൽ ഗതാഗതസ്തംഭനത്തിന് ആക്കം കൂട്ടുന്നു.
മേലെ പട്ടാമ്പി ഭാഗത്തേക്കുള്ള വിവിധയിടങ്ങളിൽ ആളെ കയറ്റാൻ ബസുകൾ നിർത്തുന്നതും വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു. റെയിൽവേ സ്റ്റേഷനിൽ പഴയ ബസ് സ്റ്റാൻഡ് വഴി നിന്ന് ടൗണിലേക്കിറങ്ങാനുള്ള വഴിയടച്ചതിനാൽ ട്രെയിനിറങ്ങി വരുന്നവർക്ക് നടക്കാനും ചെറിയവാഹനങ്ങളിൽ യാത്ര ചെയ്യാനും ഒരുവഴി മാത്രമേയുള്ളൂ.
റെയിൽവേ സ്റ്റേഷൻ റോഡിലെ പാർക്കിങ് കൂടിയാവുമ്പോൾ തിരക്കും കുരുക്കും മുറുകുന്നു. പള്ളിപ്പുറം റോഡിലെ റെയിൽവേ അണ്ടർ ബ്രിഡ്ജിലൂടെ ചെറു വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം തടസ്സപ്പെടുത്തിയതും ടൗണിലെ ജനത്തിരക്ക് കൂട്ടുന്നു. വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹന പാർക്കിങ്ങാണ് മറ്റൊരു കാരണം. ടൗണിൽ നിശ്ചിതസ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് പൊലീസ് അറിയിപ്പുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. അനധികൃത പാർക്കിങ്ങും ടൗണിനെ വീർപ്പുമുട്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.