സഹ്യനോളം ഉയരത്തിലാണ് പട്ടാമ്പിയിൽ പുതിയ പാലത്തെക്കുറിച്ചുള്ള പ്രതീക്ഷ. പതിറ്റാണ്ടുകളായുള്ള ആവശ്യവും ശ്രമങ്ങളും ലക്ഷ്യത്തിലടുത്തതാണ് നാടിന് പുത്തനുണർവാകുന്നത്. മൂന്നു പ്രളയങ്ങളിൽ ഭാരതപ്പുഴ ചവിട്ടിത്താഴ്ത്തി ഒഴുകിയിട്ടും കൈവരികൾ തകർന്നതല്ലാതെ പാലത്തിന്റെ അടിത്തറയിളകിയില്ല. 2018, 2019 പ്രളയത്തെ അപേക്ഷിച്ച് 2024 പട്ടാമ്പിക്ക് സമ്മാനിച്ച ദുരിതം വിവരിക്കാനാവാത്തതായിരുന്നു. കഴിഞ്ഞ ഒരു മാസം പട്ടാമ്പി ടൗണിലൂടെയുള്ള യാത്ര ഭീതിജനകമായിരുന്നു. കൈവരി തകർന്നതിനാൽ താൽകാലിക കൈവരിയൊരുക്കി പാലത്തിലൂടെയുള്ള ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചിരുന്നു. സ്കൂൾ വാഹനങ്ങളും ആംബുലൻസുകളും കുരുക്കിൽ പെട്ടു. ഒരു മാസം പൂർത്തിയാവുന്ന ദിവസമാണ് കൈവരി നിർമ്മാണം ആരംഭിച്ചത്. പഴയപോലെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും കാലത്തിനനുസരിച്ചുള്ള റോഡ്-പാലം വികസനം നടക്കാത്തതിനാൽ പട്ടാമ്പിക്കിന്നും ശ്വാസം മുട്ട് തന്നെയാണ്.
ഇതിനുള്ള ഏക പരിഹാരം പുതിയ പാലമാണ്. 1966ൽ നിർമിച്ച കോസ്വേയാണ് നിലവിലെ പാലം. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് പ്രയോജനപ്പെടുന്നതും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതുമായ കോസ്വേ കാലഹരണപ്പെട്ടതാണെന്നതിന് ആർക്കുമില്ല സംശയം. പുതിയ പാലത്തിന് അനുമതി ലഭിച്ച് തുക വകയിരുത്തിയിട്ടും വർഷങ്ങളുടെ കാത്തിരിപ്പാണ് നിർവഹണത്തിന് വേണ്ടിവരുന്നത്. കഴിഞ്ഞ മാസം നടന്ന സ്ഥലമുടമകളുടെ യോഗത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്തിയും മോഹവില നൽകിയും മാത്രമേ സ്ഥലമേറ്റെടുക്കൂ എന്ന് എം.എൽ.എ ഉറപ്പ് നൽകിയത് പ്രതീക്ഷയോടെയാണ് സ്വീകരിക്കപ്പെട്ടത്. 2020ൽ 30.86 കോടി രൂപയുടെ കിഫ്ബി അംഗീകാരമാണ് പുതിയ പാലത്തിന് ലഭിച്ചത്. ഇത് 52.45 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
രൂപരേഖയിലെ മാറ്റമാണ് പുതിയ പാലം നിർമാണനടപടികൾ വൈകാനുള്ള മറ്റൊരു കാരണം. പട്ടാമ്പി കമാനത്തിനടുത്തുള്ള പഴയ കടവിൽ നിന്നാണ് പാലം തുടങ്ങുന്നത്. തീരദേശ റോഡ് പട്ടാമ്പിയിൽ നിന്നും തുടങ്ങുന്ന കിഴായൂർ നമ്പ്രം പാതയുള്ളതും ഇവിടെയാണ്. പഴയ രൂപരേഖ പ്രകാരമുള്ള പാലം നിർമാണം തീരദേശറോഡ് നിർമാണത്തിന് തടസ്സമാവും. ഒരു ജങ്ഷനുള്ള സ്ഥലം അധികമായി കണ്ടെത്താൻ നിർബന്ധമായി. അതിനാൽ രൂപരേഖ മാറ്റി തയ്യാറാക്കിയാണ് പാലം നിർമിക്കുന്നത്. 370.90 മീറ്റര്‍ സ്പാന്‍ വരുന്ന പാലത്തിന് 11 മീറ്റര്‍ വീതിയുണ്ടാവും. ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയിലുള്ള നടപ്പാതയും 7.50 മീറ്റര്‍ വീതിയിലുള്ള കരിയേജ് വേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. പുതുവർഷ സമ്മാനമായി പുത്തൻ പാലത്തിന്റെ നിർമാണത്തുടക്കം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് പട്ടാമ്പി.
പട്ടാമ്പി പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അന്തിമ സാങ്കേതിക അനുമതിക്ക് മുന്നോടിയായി പാലത്തിന്റെ ഡിസൈൻ പരിശോധിക്കുകയും കിഫ്ബി ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിൽ അമ്പതിലധികം വരുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും സ്ഥലങ്ങൾ ഏറ്റെടുത്ത് അവർക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം അന്തിമ സാങ്കേതിക അനുമതി പൂർത്തീകരിച്ചു പാലം ടെൻഡർ ചെയ്യുന്നതിനും നടപടി കൈക്കൊള്ളുന്നു. കിഫ്ബി വഴിയാണ് ഇതിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
അനുദിനം വളരുന്ന പട്ടാമ്പി നഗരത്തിന് പുതിയ പാലം വളരെ അത്യന്താപേക്ഷിതമാണ്. മലപ്പുറം-തൃശൂർ ജില്ലകളെ പാലക്കാടുമായി ബന്ധിപ്പിക്കുന്ന വളരെ സുപ്രധാനമായ കണ്ണിയാണ് പട്ടാമ്പി പാലം. പല കോർപറേറ്റ് സ്ഥാപനങ്ങളുടെയും ബ്രാഞ്ചുകൾ വന്നുകൊണ്ടിരിക്കുന്ന സമയത്ത് പട്ടാമ്പിയുടെ വികസനത്തിന് പുതിയപാലം മുതൽക്കൂട്ടാവും.
പാലക്കാട് ജില്ലയിലെ പ്രധാന പാലമാണ് പട്ടാമ്പി പാലം. ജില്ലയുടെ വടക്കും തെക്കും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗമാണിത്. പട്ടാമ്പി പ്രദേശത്തെ സാമൂഹിക- സാമ്പത്തിക വളർച്ചയിൽ പാലത്തിന് നിർണായക പങ്കുണ്ട്. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം ശക്തി ക്ഷയിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ശാശ്വതമായ നവീകരണം ഉടൻ നടന്നില്ലെങ്കിൽ ദൂരവ്യാപകമായ നഷ്ടമായിരിക്കും വരുത്തുക. കക്ഷിരാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം ജനങ്ങളുടെ സുരക്ഷക്കാകണം സർക്കാർ മുൻഗണന നൽകേണ്ടത്.
പട്ടാമ്പി-കുളപ്പുള്ളി യാത്രാ തടസ്സത്തിന് പരിഹാരമായ വാടാനാംകുറുശ്ശി മേൽപ്പാലനിർമാണം അന്തിമ ഘട്ടത്തിൽ. ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ വാടാനാംകുറുശ്ശിയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടുന്നത് പട്ടാമ്പി-കുളപ്പുള്ളി റൂട്ടിലെ യാത്രക്ക് വലിയ തോതിലുള്ള തടസ്സം സൃഷ്ടിച്ചിരുന്നു. പട്ടാമ്പി ഭാഗത്തുനിന്ന് വിദഗ്ധ ചികിത്സക്കുള്ള രോഗികളുമായി തൃശൂരിലേക്ക് പോവുന്ന ആംബുലൻസുകൾ പലപ്പോഴും റെയിൽവേക്കുരുക്കിൽ അകപ്പെടാറുണ്ട്. കാലങ്ങളായുള്ള ആവശ്യമാണ് മേൽപ്പാലം പൂർത്തിയാവുന്നതോടെ പരിഹരിക്കപ്പെടുന്നത്. 32.49 കോടി രൂപ ചെലവിട്ട് 13 തൂണുകളുള്ള നിർമിക്കാനിരിക്കുന്ന മേൽപ്പാലത്തിന് 680 മീറ്റർ നീളവും 10.15 വീതിയും നടപ്പാതയുമുണ്ട്.
പാലത്തിനായി 17 ഭൂവുടമകളിൽനിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി നടത്താൻ താമസം നേരിട്ടത് നിർമാണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. മുറവിളിക്കൊടുവിൽ കഴിഞ്ഞ മാസം ആദ്യം പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി റെയിൽവേ ആരംഭിച്ചു. ഗർഡർ സ്ഥാപിച്ച ശേഷം റോഡ് കോൺക്രീറ്റിങും അപ്രോച്ച് റോഡ് നിർമാണവും നടത്തേണ്ടതുണ്ട്.
2016ൽ അനുമതി ലഭിച്ച പാലത്തിന്റെ നിർമാണച്ചുമതലയുള്ള ആർ.ബി.ഡി.സി.കെ സാങ്കേതികപഠനം നടത്തി സമർപ്പിച്ച പദ്ധതി രേഖക്ക് കിഫ്ബി അംഗീകാരമായത് അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് . 2021 ജനവരിയിൽ ഉത്സവച്ഛായയിൽ രാജ്യത്തെ മറ്റു മേൽപ്പാലങ്ങൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെയും നിർമാണോദ്ഘാടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.