പട്ടാമ്പി: പട്ടാമ്പിയിലേക്കുള്ള പ്രവേശനകവാടം അടഞ്ഞതോടെ വഴിയടഞ്ഞത് വ്യാപാരികളുടെ പ്രതീക്ഷകൾക്കാണ്. തൃത്താല, കൂറ്റനാട്, ചാത്തന്നൂർ, ആറങ്ങോട്ടുകര ഭാഗങ്ങളിൽനിന്ന് പട്ടാമ്പിയിലെത്താനുള്ള മാർഗമാണ് പട്ടാമ്പി പാലം അടച്ചതോടെ ഇല്ലാതായത്. വ്യാപാരികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണക്കച്ചവടം പാലം തുറന്നില്ലെങ്കിൽ നഷ്ടമാവും. പുഴയിലെ ഒഴുക്കും പാലത്തിന്റെ തൂണിനേറ്റ തകർച്ചയും വ്യാപാരികളുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. രണ്ടു പ്രളയങ്ങളും കോവിഡുമായി തുടർച്ചയായി സ്തംഭിച്ച വ്യാപാരം രണ്ടു വർഷം മുമ്പ് പിച്ചവെച്ചു തുടങ്ങിയതേയുള്ളൂ. വലിയ നഷ്ടങ്ങളിൽനിന്ന് കരകയറി നിവർന്നു നിൽക്കാനൊരുങ്ങുമ്പോൾ ഇടിത്തീ പോലെയാണ് ഇക്കൊല്ലത്തെ പ്രളയം വന്നത്. മുൻ കാലങ്ങളിൽ പാലത്തിന്റെ കൈവരികൾ അറ്റകുറ്റപ്പണി നടത്തി ദിവസങ്ങൾക്കകം ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.
എന്നാൽ ഇത്തവണ സ്ഥിതി അത്ര എളുപ്പമല്ലെന്നതാണ് വ്യാപാരികളെ ആശങ്കപ്പെടുത്തുന്നത്. പാലത്തിന്റെ സുരക്ഷാ പരിശോധനക്ക് പുഴയിലെ ഒഴുക്ക് കുറയേണ്ടതുണ്ട്.അതിനു ശേഷമേ ബലക്ഷയം പരിശോധിക്കാനും ഗതാഗതപുന:സ്ഥാപനത്തെക്കുറിച്ചാലോചിക്കാനും കഴിയൂ. താത്കാലിക കൈവരികളുണ്ടാക്കി നടക്കാൻ മാത്രമായി പാലം തുറന്നു കൊടുത്തിട്ടുണ്ട്. ഓട്ടോ, കാർ തുടങ്ങിയ ചെറുകിട വാഹനങ്ങൾക്കെങ്കിലും യാത്രാനുമതി ലഭിച്ചില്ലെങ്കിൽ ഇക്കൊല്ലം വ്യാപാരികൾക്ക് ലഭിക്കുന്നത് കറുത്ത ഓണമാകും. പട്ടാമ്പിയിലെ വിവിധ ഓഫിസുകളിലേക്കും സ്കൂളുകളിലേക്കും ആശുപത്രികളിലേക്കുമൊക്കെ ദിനംപ്രതി നിരവധി പേരെത്തുന്നത് പട്ടാമ്പി പാലത്തിലൂടെയാണ്. പ്രതിസന്ധി മറികടക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനം അനിവാര്യമാണ്. പുതിയ പാലമാണ് ശാശ്വത പരിഹാരം. അതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയും നിലവിലുള്ള പാലത്തിന്റെ സുരക്ഷിതത്വം വിലയിരുത്തി ചെറിയ വാഹനങ്ങൾക്കെങ്കിലും തുറന്നുകൊടുക്കുകയുമാണ് പട്ടാമ്പിയുടെ അടിയന്തരാവശ്യം
സുരക്ഷ പരിശോധന നടത്തി അടിയന്തിരമായി പാലം തുറന്നുകൊടുക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാത്തത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. പാലം അടച്ച് അഞ്ച് ദിവസമായിട്ടും ശാസ്ത്രീയമായ ഒരു പരിശോധനയും ഇതുവരെ നടന്നിട്ടില്ല. കൈവരികൾ തകർന്നതൊഴിച്ചാൽ പ്രാഥമിക പരിശോധനയിൽ പാലത്തിന് കാര്യമായ ബലക്ഷയമില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞത്.
പതിനായിരക്കണക്കിനാളുകൾ നിത്യേന ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പ്രധാന പാലമാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പി.കെ. ഉണ്ണികൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, അഡ്വ. എം. രാമദാസ്, കെ.ആർ. നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം എ.പി. രാമദാസ്, ഉമ്മർ കിഴായൂർ, കെ. ബഷീർ, ജയശങ്കർ കൊട്ടാരത്തിൽ, എ.കെ. അക്ബർ, അഡ്വ. ടി.എം. നഹാസ്, അലി പൂവ്വത്തിങ്കൽ, വാഹിദ് കൽപക, ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളായ കെ.പി. കമാൽ, ജീസ് സൈമൺ എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു.
പട്ടാമ്പിയില്‍ പുതിയ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറും എം.എല്‍.എയും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പാലം നിർമിക്കണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെട്ടു. പുതിയ പാലവുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ ഇടപെടല്‍ ആത്മാർഥതയില്ലാത്തതാണ്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രാഥമിക കാര്യങ്ങളൊന്നും തുടങ്ങിയിട്ടു പോലുമില്ല. പട്ടാമ്പിയില്‍ താത്കാലിക നടപ്പാലമല്ല, പൂര്‍ണതോതില്‍ ഗതാഗത യോഗ്യമായ പുതിയ പാലമാണ് വേണ്ടതെന്നും ഈ ആവശ്യം എത്രയും വേഗം നടപ്പിലാക്കണമെന്നും മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡണ്ട് എ.കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഇസ്മയില്‍ വിളയൂര്‍ അധ്യക്ഷത വഹിച്ചു. കെ.എ. റഷീദ്, ജില്ല ഭാരവാഹികളായ ടി.പി. ഹസന്, ഷബീര്‍ തോട്ടത്തില്‍, പി.എം. സൈഫുദ്ദീന്, ഹംസ കൈപ്പുറം, എ.കെ.എം. അലി, ഷഫീഖ് പരുവക്കടവ്, ശിഹാബ് കരിമ്പുള്ളി, സിദ്ദീഖ് റഹീമി, ജാഷിര്‍ നാട്യമംഗലം, മന്‍സൂര്‍ പാലത്തിങ്ങല്‍, വി.പി.എം. ഇഹ്സാന്‍, പി.കെ.എം. ഷഫീഖ് സംബന്ധിച്ചു.
സാങ്കേതികത്വം പറഞ്ഞ് നീട്ടിവെക്കാതെ പട്ടാമ്പി പാലം എത്രയും വേഗം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നടപടിവേണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. അടച്ചിട്ടതോടെ ജനങ്ങൾ ഏറെ പ്രയാസത്തിലാണ്. ബന്ധപ്പെട്ട മന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അടിയന്തരഘട്ടങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള ആർജവം അധികാരികളും ഉദ്യോഗസ്ഥരും കാണിക്കണമെന്നും സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല പ്രസിഡന്റുമായ ബാബു കോട്ടയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.