പട്ടാമ്പി: പട്ടാമ്പി പാലം അറ്റകുറ്റപ്പണിക്ക് നടപടിയായി. പ്രവൃത്തിയുടെ തുടക്കമെന്ന നിലയിൽ ടെണ്ടർ ക്ഷണിച്ചു. പൊതുമരാമത്ത് പാലം വിഭാഗമാണ് ടെൻഡർ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 19ാം തീയതിയാണ് ടെൻഡർ സ്വീകരിക്കുന്നതിനുള്ള അവസാന ദിവസം. പ്രളയത്തിൽ കൈവരികൾ തകർന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയത് ടൗണിൽ വലിയ ഗതാഗതക്കുരുക്കാണുണ്ടാക്കുന്നത്. ഒരു ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുമ്പോൾ എതിർ ദിശയിലേക്കുള്ളവ മിനിറ്റുകളോളം കാത്തുകിടക്കേണ്ടിവരുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഒരേസമയം ഇരുഭാഗത്തേക്കും വാഹനങ്ങളോടണമെങ്കിൽ കൈവരികൾ പുനർ നിർമിച്ചേ മതിയാവൂ. ഇതിനുള്ള നടപടികൾക്കാണ് ഇപ്പോൾ തുടക്കമായത്.
ടെൻഡർ നടപടികൾ ഏറ്റവും വേഗത്തിൽ ആരംഭിക്കാനും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനും അടിയന്തര നടപടി വേണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർദേശം നൽകിയിരുന്നു. നടപടികൾ പാലിച്ചുകൊണ്ടു തന്നെ പരമാവധി വേഗം പാലത്തിന്റെ ഗതാഗതം പഴയ രൂപത്തിൽ തന്നെയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.