പട്ടാമ്പി: അടച്ചിട്ട പട്ടാമ്പി പാലം ചൊവ്വാഴ്ച രാവിലെ 10ന് തുറക്കാൻ തീരുമാനമായി. പാലക്കാട് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിന്റേതാണ് തീരുമാനം. പൊതുമരാമത്ത് എക്സി. എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ കലക്ടർ ഡോ.എസ്. ചിത്രയാണ് നിബന്ധനകളോടെ ഉത്തരവിട്ടത്. മഴയുടെ അളവ് കുറഞ്ഞതിനാൽ പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്നും പാലത്തിന് കൈവരിയില്ലാത്തതിനാൽ ഒറ്റവരിയായി മാത്രം വാഹനങ്ങൾ കടത്തിവിടാമെന്നുമായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്. ഇക്കാര്യം ജില്ല പൊലീസ് മേധാവി ഉറപ്പാക്കണം.
പാലത്തിനിരുഭാഗത്തും പൊലീസിനെ നിയോഗിക്കണം. പാലത്തിലൂടെ ഗതാഗതം സുരക്ഷിതമാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരും പൊതുമരാമത്ത് എക്സി. എൻജിനീയറും സംവിധാനം ഒരുക്കണം. കഴിഞ്ഞ മാസം 30നുണ്ടായ പ്രളയത്തിലാണ് പാലം അടച്ചിട്ടത്. കൈവരികൾ പൂർണമായും തകരുകയും പാലത്തിന്റെ ഒരു കരിങ്കൽ തൂണിന്റെ കല്ലിളകുകയും ചെയ്തത് വലിയ ആശങ്കയാണുണ്ടാക്കിയത്. പുഴയുടെ ഒഴുക്ക് കുറയാതിരുന്നതിനാൽ ബലക്ഷയ പരിശോധന നീണ്ടുപോവുകയായിരുന്നു. ജലനിരപ്പ് കുറഞ്ഞിട്ടും പരിശോധന നടത്താതിരിക്കുകയും പാലം തുറക്കാൻ നടപടിയില്ലാതിരിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്കാണ് ഇടവരുത്തിയത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും തകർന്ന് കൈവരികൾ താമസം കൂടാതെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ അതിനുള്ള നീക്കം നടക്കാത്തതാണ് സമരങ്ങൾ ക്ഷണിച്ചുവരുത്തിയത്. കഴിഞ്ഞ ദിവസം വി.കെ. ശ്രീകണ്ഠൻ എം.പി സ്ഥലം സന്ദർശിച്ച് പാലം തുറക്കാൻ നടപടി ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച യു.ഡി.എഫും പ്രത്യക്ഷ സമരത്തിനിറങ്ങി. പാലത്തിന്റെ മറുഭാഗത്ത് ഐ.എൻ.ടി.യു.സി തൃത്താല മണ്ഡലം പ്രസിഡന്റ് അലി പൂവ്വത്തിങ്കൽ ഉപവാസവും തുടങ്ങിയിരുന്നു. പാലം അടച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെ കിലോമീറ്ററുകൾ ചുറ്റിയും പാലത്തിലൂടെ നടന്നുമാണ് യാത്ര തുടർന്നിരുന്നത്. കൈവരികളില്ലാത്ത പാലത്തിലൂടെയുള്ള ഗതാഗതത്തിന് ശക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. ഒറ്റവരിയായി ഗതാഗതം പരിമിതപ്പെടുത്തുമ്പോൾ ഗതാഗതക്കുരുക്കിനുള്ള സാധ്യതയേറെയാണ്. പാലത്തിൽ വെളിച്ചമില്ലാത്തതും പ്രശ്നമാവും. കൈവരികൾ പുനഃസ്ഥാപിച്ച് വെളിച്ചം ഏർപ്പെടുത്താനുള്ള നടപടിയാണ് ഇനി വേണ്ടത്.
തൃത്താല: അടച്ചിട്ട പാലം തുറക്കാന് ഉപവാസസമരം നടത്തി. ഐ.എൻ.ടി.യു.സി തൃത്താല മണ്ഡലം പ്രസിഡന്റ് അലി പൂവ്വത്തിങ്കലാണ് ഉപവാസ സമരം നടത്തിയത്. രാവിലെ യൂനിയൻ സംസ്ഥാന സെക്രട്ടറി വി. അബ്ദുള്ളക്കുട്ടിയും സമാപനം മുൻ എം.എൽ.എ വി.ടി. ബൽറാമും ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, നേതാക്കളായ പി. ബാലൻ, പി.വി. മുഹമ്മദാലി, കെ. വിനോദ്, ഒ.കെ. ഫാറൂക്ക്, റിയാസ് മുക്കോളി, പി.പി. കബീർ, പി. ഇബ്രാഹിംകുട്ടി, ഹബീബ് കോട്ടയിൽ, എം. മണികണ്ഠൻ, കെ.ആർ. നാരായണസ്വാമി, എം. മുരളീധരൻ, ടി.പി. മണികണ്ഠൻ, വി.പി. അഷറഫ്, കെ. ബഷീർ, സി.എ. റാസി, ഉമ്മർ കിഴായൂർ, ഷാഫി കാരക്കാട്, കെ.വി. ഹിളർ, ഒ.എം. റസാഖ്, കെ. ജയശങ്കർ, മാനു വട്ടുള്ളി, പ്രിയ പ്രമോദ്, ടി.പി. സക്കീന, സി.പി. മുസ്തഫ, ജയന്തി, കെ. അഭിലാഷ് എന്നിവർ സംസാരിച്ചു.
പട്ടാമ്പി: പുതിയ പാലത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പുതിയ പാലത്തിന് മുറവിളികൾ ഉയരുമ്പോഴും സാങ്കേതിക കാരണം പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണം. പാലത്തിന്റെ കൈവരികൾ കെട്ടി ബലക്ഷയം പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തി ചെറുകിട വാഹനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി പട്ടാമ്പി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഷാർബാൻ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം. സലാം, വി. സൈഫുദ്ദീൻ, കെ.പി. ഹമീദ്, വി. ഷാഫി, പി. ബഷീർ, റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.