പട്ടാമ്പി: ടൗണിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ ഊർജിത നടപടികളുമായി പൊലീസ്. പൊതുവേ ഗതാഗത സ്തംഭനമുണ്ടായിരുന്ന മേഖലയാണ് മേലെ പട്ടാമ്പി മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം. റോഡിലെ കുഴികളും പാലത്തിലെ നിയന്ത്രണവും കൂടിയായപ്പോൾ സ്ഥിതി ഗുരുതരമായി. ഇതേ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കുകയും അനധികൃത പാർക്കിങ്ങിനെതിരെ ശിക്ഷ നടപടിയാരംഭിക്കുകയും ചെയ്തു.
എന്നാൽ വഴിവിട്ട നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ടൗണിലെ വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. റോഡരികിൽ വാഹനം നിർത്തി കടകളിലേക്ക് വരുന്നവർ പോലും അനധികൃത പാർക്കിങ്ങിനെതിരെയുള്ള ശിക്ഷാനടപടിക്ക് വിധേയരാവുകയാണെന്നാണ് ആരോപണം.
മേലെ പട്ടാമ്പിയിൽ പാലക്കാട് റോഡിൽ ഒരുഭാഗത്ത് പാർക്കിങ്ങിന് അനുമതിയുണ്ട്. മറു ഭാഗത്ത് നിർത്തിയിടുന്ന വാഹനങ്ങൾക്കാണ് പിഴ ചുമത്തുന്നത്.
പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ് ഏറെ തിരക്ക്. ഇവിടെ പാർക്കിങ് സൗകര്യമില്ല. ഇവിടങ്ങളിലെല്ലാം അലസമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുണ്ട്. ഇതിനെതിരെ നടപടിയെടുക്കുമ്പോൾ നിരപരാധികളും പെട്ടു പോകുന്നുണ്ട്.
കൂടുതൽ പാർക്കിങ് പോയിന്റുകൾ ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ നഗരസഭയും പൊലീസും മോട്ടോർ വാഹനവകുപ്പും ശ്രമിക്കണമെന്നാണ് പൊതുആവശ്യം. ബസ് സ്റ്റാൻഡിന് അടുത്തുള്ള നഗരസഭയുടെ സ്ഥലത്തും പഴയ ബസ് സ്റ്റാൻഡിലും സൗജന്യ പാർക്കിങ് ഏർപ്പെടുത്താവുന്നതാണ്. പഴയ ബസ് സ്റ്റാൻഡിൽ പേ പാർക്കിങ്ങാണ്. വ്യാപാരികളുടെ കൂടി സഹായത്തോടെ ഇത് സൗജന്യമാക്കിയാൽ കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
സംയുക്ത സഹകരണത്തോടെ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള സ്വകാര്യസ്ഥലത്തും പാർക്കിങ്ങിന് സൗകര്യം ഏർപ്പെടുത്താൻ കഴിയും. ഓണക്കാലം കൂടി വരുന്നതോടെ ടൗണിലെ തിരക്ക് ഇനിയും വർധിക്കും. ട്രാഫിക് കമ്മിറ്റി വിളിച്ചുചേർത്ത് പൊതുജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തി അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കുകയാണ് അഭികാമ്യം.
പട്ടാമ്പി: ടൗണിൽ പാർക്കിങ്ങിന്റെ പേരിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കടയടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരി സംഘടന നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 12 വരെയാണ് സമരം. തുടർന്ന് മേലേ പട്ടാമ്പിയിൽ പ്രതിഷേധയോഗം ചേരും.
പട്ടാമ്പി നഗരത്തിൽ വ്യാപാരം ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ചെറുകിട കച്ചവടക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തെ ആശ്രയിക്കേണ്ടി വരുന്നവർക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്ന നടപടിയാണ് രണ്ടാഴ്ചയായി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ട്രാഫിക് തടസ്സമില്ലാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പോലും പിഴ ചുമത്തുകയാണ്.
പട്ടാമ്പി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖേനയും പൗരപ്രമുഖർ മുഖേനയും നിരവധി തവണ നേരിട്ട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചും ചൂണ്ടിക്കാണിച്ചിട്ടും നടപടി തുടരുകയാണ്.
തന്മൂലം കടുത്ത വ്യാപാരമാന്ദ്യമാണ് അനുഭവപ്പെടുന്നത്. കൃത്യമായ നോപാർക്കിങ് ബോർഡുകളോ പാർക്കിങ് സ്ഥലങ്ങളോ ടൗണിലില്ല. കൃത്യമായി പാർക്കിങ് സൗകര്യങ്ങളില്ലെന്നിരിക്കെ പൊലീസ് നടപടി പൊതുജനദ്രോഹമായി മാറിയിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം ജനറൽ സെക്രട്ടറി എം. സിദ്ദീഖ്, യൂനിറ്റ് ജനറൽ സെക്രട്ടറി ആർ. സന്തോഷ്, ചേംബർ ഓഫ് കോമഴ്സ് കെ.പി. കമാൽ, കേരള വ്യാപാരി വ്യവസായി സമിതി ട്രഷറർ എ.കെ. അഷറഫ്, കെ.സി. സുധാകരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.