പട്ടാമ്പി: എൽ.ഡി.എഫ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയിലെ ചെയർപേഴ്സനെതിരെ യു.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. യോഗത്തിൽ ക്വാറം തികയാത്തതിനാലാണ് പ്രമേയം തള്ളിയത്. 28 അംഗ ഭരണസമിതിയിൽ പ്രതിപക്ഷത്തെ 11 പേരും ഏക ബി.ജെ.പി അംഗവും ഭരണപക്ഷത്തെ വി ഫോർ പട്ടാമ്പി മുന്നണിയിലെ ഒരംഗവുമാണ് പങ്കെടുത്തത്. 10 സി.പി.എം അംഗങ്ങളും വി ഫോർ പട്ടാമ്പിയിലെ അഞ്ച് അംഗങ്ങളും ഹാജരായില്ല. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും മുൻ മഹിള കോൺഗ്രസ് നേതാവുമായ കെ.ടി. റുഖിയയാണ് പങ്കെടുത്ത ഭരണപക്ഷ അംഗം. സി.പി.എമ്മും വി ഫോർ പട്ടാമ്പിയുമായി ചേർന്നാണ് നഗരസഭ ഭരിക്കുന്നത്. ചെയർപേഴ്സൻ തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ഇതിൽ അതൃപ്തിയുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത ഭരണപക്ഷത്തെ അംഗം കെ.ടി. റുഖിയ പറഞ്ഞു. വി ഫോർ പട്ടാമ്പി മറ്റു പല രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുന്നുണ്ടെന്നും പിരിച്ചുവിട്ടെന്നുമൊക്കെ കേൾക്കുന്നില്ലേ.
താൻ സ്വാതന്ത്രയായാണ് മത്സരിച്ച് ജയിച്ചതെന്നും സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകുമെന്നും റുഖിയ പറഞ്ഞു. ഭരണപക്ഷത്തെ അംഗങ്ങൾ ഒന്നിച്ചുനിന്നാണ് അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയതെന്ന് ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി പറഞ്ഞു. മൂന്നര വർഷം പട്ടാമ്പിയുടെ ചരിത്രത്തിലില്ലാത്ത വിധം വികസന ക്ഷേമപ്രവർത്തനങ്ങൾ നടത്തിയ എൽ.ഡി.എഫ് - വി ഫോർ പട്ടാമ്പി ഭരണത്തിൽ അസ്വസ്ഥരായവരാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചതെന്ന് വി ഫോർ പട്ടാമ്പി നേതാവും നഗരസഭ വൈസ് ചെയർമാനുമായ ടി.പി. ഷാജി പറഞ്ഞു. പ്രമേയത്തിൽ പറഞ്ഞകാര്യങ്ങളെല്ലാം ചർച്ച ചെയ്തു തള്ളിക്കളഞ്ഞതാണ്.
അവിശ്വാസപ്രമേയത്തെക്കുറിച്ച് വി ഫോർ പട്ടാമ്പി യു.ഡി.എഫുമായി ചർച്ചചെയ്തെന്ന പ്രതിപക്ഷാരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. യോഗത്തിൽ പങ്കെടുത്ത വി ഫോർ പട്ടാമ്പി മുന്നണി അംഗം കെ.ടി. റുഖിയക്കെതിരെ നടപടിയുണ്ടാവുമെന്നും വൈസ് ചെയർമാൻ പറഞ്ഞു. പതിനൊന്നംഗ പ്രതിപക്ഷത്തേക്ക് ഭരണപക്ഷത്തുനിന്ന് ഒരംഗത്തെക്കൂടി എത്തിക്കാൻ കഴിഞ്ഞത് അവിശ്വാസപ്രമേയത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാക്കളായ സി.എ. സാജിദും സി.എ. റാസിയും പറഞ്ഞു.
ഭരണസമിതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ചട്ടവിരുദ്ധമായി വിവിധ പദ്ധതികൾക്ക് ലക്ഷങ്ങൾ മുൻകൂർ അനുമതി നൽകുന്നതായും രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്നും ലൈഫ് ഭവന പദ്ധതിയടക്കം അട്ടിമറിച്ച് തന്നിഷ്ടപ്രകാരം നൽകുന്നു എന്നുമാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.