പട്ടാമ്പി: നിള-ഐ.പി.ടി റോഡ് നവീകരണം പൂർത്തിയാവുമ്പോൾ റോഡിനടിയിൽ പൈപ്പുകളുണ്ടാവില്ല. നവീകരണം കഴിഞ്ഞാലുടൻ കുടിവെള്ള പൈപ്പിടാനും അറ്റകുറ്റപ്പണിക്കുമായി റോഡ് പൊളിക്കുന്ന ദുരവസ്ഥ ഇതോടെ ഇല്ലാതാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന റോഡ് നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ്, കിഫ്ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായതെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
പൈപ്പ് പൊട്ടിയും മറ്റും റോഡ് തകരുന്നത് ഒഴിവാക്കാൻ നിലവിൽ റോഡിനടിയിലുള്ള മുഴുവൻ പൈപ്പുകളും മാറ്റാനാണ് തീരുമാനം. ഇതിനാവശ്യമായ ഫണ്ട് ഉടൻ അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഏറ്റവും ആധുനിക രീതിയിൽ പട്ടാമ്പി-കുളപ്പുള്ളി യാത്ര സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീകരണത്തോടൊപ്പം പട്ടാമ്പി, ഓങ്ങല്ലൂർ എന്നിവിടങ്ങളിൽ റോഡ് സൗന്ദര്യവത്കരണവും നടപ്പാക്കും. നടപ്പാതയും കൈവരിയും പ്രകാശസംവിധാനങ്ങളുമായി ആകർഷകമാക്കാനാണ് ഉദ്ദേശിക്കുന്നത്. പട്ടാമ്പി ടൗണിലടക്കം വീതി കൂട്ടി റോഡ് നിർമിക്കും.
ഇതിനാവശ്യമായ സർവേ നടപടികളും നടന്നുവരുന്നു. വൈദ്യുതി കാലുകൾ മാറ്റുന്നതും മരങ്ങൾ മുറിച്ചുനീക്കുന്നതുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മതിയായ സ്ഥലം ലഭ്യമായിടങ്ങളിൽ 15 മീറ്റർ വീതിയിലും മറ്റു സ്ഥലങ്ങളിൽ പത്ത് മീറ്റർ വീതിയിലുമാണ് നവീകരണം. ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും നിർമിക്കും. പട്ടാമ്പി-കുളപ്പുള്ളി 11.400 കിലോമീറ്റർ പാതയാണ് നവീകരിക്കുന്നത്. ആദ്യഘട്ടമായി ചുവന്ന ഗേറ്റ് മുതൽ ഒരു കിലോമീറ്റർ ദൂരം ടാറിങ് പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഓങ്ങല്ലൂർ മുതൽ പട്ടാമ്പി വരെയും ടാറിങ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.