പട്ടാമ്പി: നഗരത്തിലെ വിവിധയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഒാഫിസുകൾ ഒരുകുടക്കീഴിലെത്തിക്കാൻ ലക്ഷ്യമിടുന്ന റവന്യൂ ടവർ സമുച്ചയത്തിന് ഭരണാനുമതിയായി.
പട്ടാമ്പി- പെരിന്തൽമണ്ണ റോഡിൽ നഗരസഭയുടെ മത്സ്യ മാർക്കറ്റിനടുത്താണ് റവന്യൂ ടവർ നിർമിക്കുന്നത്. നഗരസഭ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലം സന്ദർശിച്ച റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നടപടികൾ വേഗത്തിലാക്കാൻ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. 10 നിലകളിലായി നിർമിക്കാനുദ്ദേശിക്കുന്ന റവന്യൂ ടവറിന് 36.58 കോടി രൂപയുടെ പദ്ധതി ചെലവ് അടങ്ങുന്ന വിശദമായ പദ്ധതി രൂപരേഖക്കാണ് ഭരണാനുമതിയായത്.
പഴയ മാർക്കറ്റ് റോഡിലൂടെ യാത്ര ചെയ്തെത്തുന്ന മിനി സിവിൽ സ്റ്റേഷനിലാണ് നിലവിൽ താലൂക്ക് ഓഫിസുൾപ്പെടെ ഓഫിസുകൾ പ്രവർത്തിക്കുന്നത്.
മേലെ പട്ടാമ്പിക്കും ബസ് സ്റ്റാൻഡിനുമിടയിൽ കൂടെക്കൂടെയുള്ള ഗതാഗത തടസ്സം അതിജീവിച്ച് ഓഫിസുകളിലെത്താനുള്ള പ്രയാസം പുതിയ കെട്ടിടസമുച്ചയം യാഥാർഥ്യമാകുന്നതോടെ ഇല്ലാതാകും. നിത്യേന കൂടുതലാളുകളുമെത്തുന്ന സിവിൽ സപ്ലൈസ് ഓഫിസ്, ജോ. ആർ.ടി.ഒ ഓഫിസ്, തഹസിൽദാർ ഓഫിസ് എന്നിവിടങ്ങളിലെ വാഹന പാർക്കിങ് പ്രശ്നത്തിനും ടവർ പരിഹാരമാവും. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫിസുകൾക്ക് പുറമെ പുറത്തുള്ള വില്ലേജ് ഓഫിസ്, ലോട്ടറി ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ് തുടങ്ങിയവയും പുതിയ റവന്യൂ ടവറിലേക്ക് മാറുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.