പട്ടാമ്പി: 110ാമത് പട്ടാമ്പിനേർച്ച (ദേശീയോത്സവം) ഞായറാഴ്ച ആഘോഷിക്കും. രാവിലെ 11ന് യാറംപരിസരത്ത് നേർച്ചക്ക് കൊടിയേറ്റും. പാരമ്പര്യാവകാശികളും ജനപ്രതിനിധികളും ആഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും. വൈകീട്ടോടെ വിവിധ ഉപകമ്മിറ്റികളുടെ ആഘോഷവരവുകൾ മേലേപട്ടാമ്പിയിൽ സംഗമിക്കും. തുടർന്ന് പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മതസൗഹാർദ ഘോഷയാത്ര നടക്കും.
നഗരപ്രദക്ഷിണ ഘോഷയാത്രക്ക് മുന്നിൽ നേർച്ചക്ക് നേതൃത്വം നൽകുന്ന റാവുത്തന്മാർ ആനകളും വാദ്യഘോഷങ്ങളുമായി അണിനിരക്കും. ഇവരെ കേന്ദ്ര നേർച്ചയാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ആർ. നാരായണസ്വാമി, ജനറൽ സെക്രട്ടറി അലി പൂവത്തിങ്കൽ, ട്രഷറർ സി. ഹനീഫമാനു തുടങ്ങിയ ഭാരവാഹികളും പൗരപ്രമുഖരും ചേർന്ന് സ്വീകരിച്ച് പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആനയിക്കും. ഘോഷയാത്രയിൽ 60 ഉപാഘോഷ കമ്മിറ്റികൾ പങ്കെടുക്കും. നൂറിലേറെ ആനകളും ഘോഷയാത്ര കൊഴുപ്പിക്കാൻ അണിനിരക്കും. ആലൂർ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണപുതുക്കുന്ന നേർച്ച മതമൈത്രിയുടെ ഉത്സവം കൂടിയാണ്.
പട്ടാമ്പി: നേർച്ചയോടനുബന്ധിച്ച് ഞായറാഴ്ച പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊടിയേറ്റ ഭാഗമായി രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയും നഗരപ്രദക്ഷിണം നടക്കുന്ന വൈകുന്നേരം 3.30 മുതൽ രാത്രി 9.30 വരെയുമാണ് നിയന്ത്രണം.
പെരിന്തൽമണ്ണ ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തൃത്താല, കൊപ്പം ഭാഗത്തുനിന്നും മുതുതല വെളിയാങ്കല്ല് വഴി ഗുരുവായൂർ ഭാഗത്തേക്ക് തിരിഞ്ഞുപോവണം.
വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തുനിന്നും വല്ലപ്പുഴ വഴി പാലക്കാട് ഭാഗത്തേക്ക് തിരിഞ്ഞുപോവണം. പാലക്കാട് ഭാഗത്തുനിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽനിന്ന് കയിലിയാട്, മുളയൻകാവ്, വല്ലപ്പുഴ വഴി പോകണം.
പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽനിന്ന് ചെറുതുരുത്തി, പള്ളം, കൂട്ടുപാത വഴി പോവണം.
ഗുരുവായൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൂട്ടുപാത വഴി ചെറുതുരുത്തി, പള്ളം വഴിയും ഗുരുവായൂർ ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൂറ്റനാട്ടുനിന്ന് തൃത്താല, വെള്ളിയാങ്കല്ല് വഴിയും പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.