പട്ടാമ്പി: പട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം ഒഴിവാക്കുന്ന വാടാനാംകുറുശ്ശി മേൽപാല നിർമാണം അന്തിമഘട്ടത്തിലെത്തി. സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തി പൂർത്തിയാവുമ്പോഴും റെയിൽവേ ചെയ്യേണ്ട പ്രവൃത്തി വൈകുന്നത് പാലം പൂർത്തീകരണത്തിൽ ആശങ്കയുണ്ടാക്കിയിരുന്നു. റെയിൽവേ ലൈനിന്റെ ഭാഗത്തെ തൂണുകളും സ്പാനുമാണ് റെയിൽവേ നിർമിക്കേണ്ടിയിരുന്നത്. റെയിൽ ലൈനിന് ഇരുവശവുമുള്ള തൂണുകളുടെ നിർമാണം പൂർത്തിയായതോടെ പാലം പൂർത്തീകരണത്തിനുള്ള തടസ്സം നീങ്ങി. സ്പാനും കൂടി സ്ഥാപിക്കുന്നതോടെ റെയിൽവേയുടെ ചുമതലയിലുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാകും. ഭാവിയിൽ ഒരു റെയിൽവേ ലൈനും കൂടി സ്ഥാപിക്കാൻ സൗകര്യമുള്ള തരത്തിലാണ് റെയിൽവേ തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്.
സ്പാനുകൾക്ക് മുകളിലെ കോൺക്രീറ്റിങ് സംസ്ഥാന സർക്കാറിന്റെ ബാധ്യതയാണ്. ഇതും ഷൊർണൂർ റോഡിലെ അപ്രോച്ച് റോഡ് നിർമാണവും പുരോഗതിയിലാണ്. കിഫ്ബി വഴി 34 കോടി രൂപ ചെലവഴിച്ചാണ് വാടാനാംകുറുശ്ശി റെയിൽവേ ഓവർ ബ്രിഡ്ജ് നിർമിക്കുന്നത്. 13 തൂണുകളിൽ 680 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലുമാണ് മേൽപാലം നിർമിക്കുന്നത്. നടപ്പാതയും ഒരുക്കുന്നുണ്ട്. മൂന്നു വർഷം മുമ്പാണ് മുഖ്യമന്ത്രി ഓൺലൈനിൽ പാലം നിർമാണോദ്ഘാടനം നടത്തിയത്. ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നടപ്പായില്ല. ഷൊർണൂർ-നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റ് അടക്കുമ്പോൾ പാലക്കാട്-ഗുരുവായൂർ യാത്രക്കാർ നേരിട്ടിരുന്ന പ്രയാസം പാലം യാഥാർഥ്യമാകുന്നതോടെ പഴങ്കഥയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.