പട്ടാമ്പി: കൊട്ടിക്കലാശമില്ലെങ്കിലും ആവേശകരമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പര്യവസാനം. പരസ്യ പ്രചാരണത്തിെൻറ അവസാന ദിവസമായതിനാൽ അനൗൺസ്മെൻറുമായി വാഹനങ്ങൾ കുതിച്ചോടി. വാഗ്ദാനങ്ങളും അവകാശവാദങ്ങളുമായി പ്രാസംഗികർ വോട്ടർമാരെ സ്വാധീനിക്കാൻ മത്സരിച്ചു. ഇരുചക്ര വാഹനറാലിയും നടന്നു. പട്ടാമ്പി നഗരസഭയിൽ ഭരണത്തുടർച്ചക്കായി പൊരുതുന്ന യു.ഡി.എഫിന് മുൻ കെ.പി.സി.സി അംഗം ടി.പി. ഷാജിയുടെ നേതൃത്വത്തിലുള്ള വി ഫോർ പട്ടാമ്പിയുടെ സ്വതന്ത്ര സ്ഥാനാർഥികളും മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉമ്മർ കിഴായൂരിെൻറ സ്ഥാനാർഥിത്വവും ഭീഷണിയാണ്. ആറു വിമതർക്ക് പിന്തുണ നൽകി കൗൺസിലിൽ ഭൂരിപക്ഷം നേടാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
കുലുക്കല്ലൂർ, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാനും ഓങ്ങല്ലൂർ, മുതുതല, പരുതൂർ, വിളയൂർ പഞ്ചായത്തുകൾ നിലനിർത്താനും എൽ.ഡി.എഫ് തീവ്രശ്രമത്തിലാണ്. മുതുതല, പരുതൂർ പഞ്ചായത്തുകളിൽ വലിയ ഭീഷണികളൊന്നുമുയർത്താൻ യു.ഡി.എഫിനായിട്ടില്ല. എന്നാൽ വിളയൂരിൽ സി.പി.എം ആധിപത്യം തകർക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് യു.ഡി.എഫ്. ആറിൽ നാലു വാർഡുകളിലും കോണി ചിഹ്നം മാറ്റിവെച്ച് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുകയാണ് മുസ്ലിം ലീഗ് സാരഥികൾ.
ആറു വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താതെ ബി.ജെ.പിയും യു.ഡി.എഫിനെ പിന്തുണക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. എട്ടാം വാർഡിൽ മുൻ സി.ഐ.ടി.യു നേതാവ് എൻ.പി. ഷാഹുൽ ഹമീദിെൻറ സ്ഥാനാർഥിത്വം സി.പി.എമ്മിന് കണ്ണടച്ച് തള്ളാവുന്നതല്ല. സി.പി.എം കുത്തക തകർക്കാൻ രാഷ്ട്രീയ വിവേചനമില്ലാത്ത കൂട്ടായ്മ വിളയൂരിൽ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സംസാരം. തിരുവേഗപ്പുറയിൽ യു.ഡി.എഫ് ഭരണം അവസാനിപ്പിക്കാനുള്ള അവസരം എൽ.ഡി.എഫിന് ഉപയോഗിക്കാൻ കഴിഞ്ഞോ എന്നതിൽ അവ്യക്തതയുണ്ട്.
പതിമൂന്നാം വാർഡ് സി.പി.ഐക്ക് നൽകിയതിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റിയംഗം വിമതനായി മത്സരിക്കുന്നു. ഇദ്ദേഹത്തെ പാർട്ടി പുറത്താക്കിയെങ്കിലും ഔദ്യോഗിക സ്ഥാനാർഥിക്ക് വലിയ ഭീഷണി തന്നെയാണ്. ബ്ലോക്ക് പഞ്ചായത്ത് നിലനിർത്താനുള്ള യു.ഡി.എഫിെൻറ തീവ്രശ്രമത്തിന് കടുത്ത വെല്ലുവിളി ഉയർത്താൻ എൽ.ഡി.എഫിനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.