പട്ടാമ്പി: ഒരു മാസമായി ആശുപത്രിക്കിടക്കയിൽ അബോധാവസ്ഥയിലാണ് 21കാരനായ മുഹമ്മദ് ജസീൽ. കഴിഞ്ഞ മാസം 25ന് പള്ളിപ്പുറത്തുണ്ടായ ട്രെയിനപകടത്തിൽ വെസ്റ്റ് കൈപ്പുറം വെള്ളക്കാവില്‍ മുഹമ്മദലി എന്ന വാപ്പുവിെൻറ പ്രതീക്ഷയാണ് തകർന്നത്. മുഹമ്മദ് ജസീലിനെ കൂടാതെ 14കാരിയായ മകളും ഭാര്യയുമടങ്ങുന്ന കുടുംബം പ്രവാസിയായ മുഹമ്മദലിയുടെ പരിമിതവരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. കുടുംബത്തിെൻറ അത്താണിയാവേണ്ട യുവാവാണ് ജോലി തേടിയുള്ള യാത്രക്കിടെ അപകടത്തിനിരയായത്.
പുറമണ്ണൂർ മജ്ലിസിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയ മുഹമ്മദ് ജസീൽ ജോലിയാവശ്യാർഥം കോയമ്പത്തൂരിലേക്ക് പോകാന്‍ പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുത്തിരുന്നു. യാത്രാചെലവിനായി വായ്പ കൊടുത്ത 500 രൂപ സുഹൃത്തിൽനിന്ന് തിരികെ വാങ്ങാൻ പോകുന്നതിനിടെയാണ് ട്രെയിനിടിച്ചത്. ട്രാക്കിനോട് ചേര്‍ന്ന് നടക്കുമ്പോഴായിരുന്നു അപകടം.
ട്രെയിൻ തട്ടി സമീപത്തെ വൈദ്യുതി കാലിലിടിച്ച് തെറിച്ച യുവാവ് പെരിന്തല്‍മണ്ണയിലെ കിംസ് അല്‍ശിഫ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. അപകടവിവരമറിഞ്ഞ് വിദേശജോലി വിട്ട് മുഹമ്മദലി നാട്ടിലെത്തിയിട്ടുണ്ട്. ഇതിനകം പത്തു ലക്ഷം രൂപ ചികിത്സക്കായി ആശുപത്രിയിൽ ബില്ലായി. ശസ്ത്രക്രിയകള്‍ പലതു നടത്തിയിട്ടും ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഡോക്ടര്‍മാര്‍ നൽകുന്ന പ്രതീക്ഷയിൽ ആശ്വാസം കൊള്ളുന്ന കുടുംബത്തിെൻറ സാമ്പത്തികസ്ഥിതി ഏറെ പരിതാപകരമാണ്.
ഇതുവരെ നടത്തിയ ചികിത്സക്ക് മൂന്നര ലക്ഷം രൂപ മാത്രമേ അടക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ശേഷിക്കുന്ന ബാധ്യത തീർത്ത് തുടർചികിത്സയുമായി മുമ്പോട്ടുപോകാന്‍ ലക്ഷങ്ങളാണ് ആവശ്യം. പണം സ്വരൂപിക്കാന്‍ നാട്ടുകാര്‍ ഒരുമിച്ച് കൈപ്പുറം ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. വി.പി. സെയ്തുമുഹമ്മദ് (ചെയർ.), എ.ടി. മുസ്തഫ (കണ്.) എന്നിവരാണ് ഭാരവാഹികൾ. എസ്.ബി.ഐ പട്ടാമ്പി ശാഖയിൽ 57061816436 നമ്പറിൽ അക്കൗണ്ട് തുടങ്ങി. IFSC: SBIN0070186. ഗൂഗിള്‍പേ: 7907343730 (എ.ടി. മുസ്തഫ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.