പട്ടാമ്പി: ടൗണിലെ ട്രാഫിക് നിയന്ത്രണം ശക്തമാക്കാൻ ട്രാഫിക് റെഗുലേറ്ററി യോഗം തീരുമാനിച്ചു. പൊലീസ് സ്റ്റേഷൻ, കോടതി എന്നിവയുടെ മുൻവശം പാർക്കിങ് നിരോധിക്കും. സ്വകാര്യ സ്ഥലങ്ങൾ കണ്ടെത്തി പേ പാർക്കിങ് സംവിധാനങ്ങളൊരുക്കും. പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ ഇല്ലാത്ത സ്ഥലത്ത് അവ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
ബസ് സ്റ്റാൻഡിന് മുൻവശം വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കാൻ മാത്രമേ അനുവദിക്കുകയുള്ളൂ. ബസ് സ്റ്റാൻഡിനു മുന്നിലും പഴയ സ്റ്റാൻഡിന് സമീപം സ്വീറ്റ് സിറ്റി മുതൽ പടിഞ്ഞാറ് ഭാഗത്തേക്കും പാർക്കിങ് അനുവദിക്കില്ല. ഗുരുവായൂർ അമ്പലത്തിന് മുൻവശം ആളെ ഇറക്കി പോകാം.
മെയിൻ റോഡ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്തും മേലെ പട്ടാമ്പി സെന്ററിൽനിന്ന് പന്തക്കൽ റോഡിലും പാർക്കിങ് നിരോധിച്ചു. പള്ളിപ്പുറം റോഡിൽ കോഓപറേറ്റിവ് ബിൽഡിങ്ങിന് എതിർവശത്തും റെയിൽവേ കമാനത്തിന് സമീപം മുതൽ സെയ്തുഹാജി നഗർ റോഡ് വരെയും പാർക്ക് ചെയ്യാം.
കെ.എച്ച് ഹോം അപ്ലയൻസസിന് കിഴക്കുഭാഗം മുതൽ ട്രാൻസ്ഫോർമർ വരെയും ഗവ. യു.പി സ്കൂളിന് മുൻവശവും ബൈക്ക് പാർക്കിങ് അനുവദിക്കും. മേലെ പട്ടാമ്പി എളാപ്പാസ് ഹോട്ടൽ മുതൽ നടപ്പാതയുടെ ഉൾവശത്ത് പാർക്കിങ് അനുവദിക്കും.
കുടുംബിനി സൂപ്പർമാർക്കറ്റ് മുതൽ രാജപ്രസ്ഥം വഴി വരെ രണ്ട് ഓട്ടോ ഒഴിച്ചുള്ള സ്ഥലത്ത് പാർക്കിങ് അനുവദിക്കും. പട്ടാമ്പി നഗരസഭ പഴയ മാർക്കറ്റിൽ സൗജന്യ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരം കാർ പാർക്കിങ്ങിന് ഉപയോഗിക്കാം. ഹൈസ്കൂളിന് മുൻവശം ബൈക്ക് പാർക്കിങ് മാത്രം അനുവദിക്കും. നന്തിലത്ത് മുതൽ ആർ.എ.ആർ.എസ് വരെ പാർക്കിങ് അനുവദിക്കും.
റോഡിലെ കുഴിയടക്കുന്ന പ്രവൃത്തി ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും. പട്ടാമ്പി ടൗണിൽ തടസ്സമായ വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിക്കാൻ നടപടി ഊർജിതമാക്കും. പട്ടാമ്പി-പെരിന്തൽമണ്ണ റോഡിനിരുവശവും കോൺക്രീറ്റ് അല്ലെങ്കിൽ ഇന്റർലോക്ക് ചെയ്ത് വീതികൂട്ടാനുള്ള യോഗ തീരുമാനം സർക്കാരിലേക്കും പൊതുമരാമത്ത് വകുപ്പിലേക്കും സമർപ്പിക്കാൻ തീരുമാനിച്ചു.
പുതിയ റോഡ് നിർമാണവുമായി ബന്ധപ്പെട്ടും അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും പൊളിക്കേണ്ട കെട്ടിട ഉടമകളുടെ യോഗം വിളിച്ചു ചേർത്ത് പ്രവൃത്തി ഊർജിതമാക്കാൻ തീരുമാനിച്ചു. റോഡ് നിർമാണ പ്രവൃത്തികൾ ടൗണിലേക്ക് കടക്കുമ്പോൾ ജനങ്ങൾക്കും കച്ചവടക്കാർക്കും ഉണ്ടാവാൻ സാധ്യതയുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ നഗരസഭ യോഗം വിളിക്കും. പാലം കൈവരി സ്ഥാപിക്കുന്ന നടപടികൾ ഊർജിതപ്പെടുത്തും.
പുതിയ പാലത്തിന്റെ ബാക്കിയുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ നഗരസഭ ഇടപെടും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. വിജയകുമാർ, വ്യാപാരി സംഘടനാ പ്രതിനിധികൾ പൊതുമരാമത്ത്, പൊലീസ്, മോട്ടോർവാഹന വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.