പട്ടാമ്പി: വിമാനത്തിൽ കയറണമെന്നേ അവർ ആഗ്രഹിച്ചുള്ളൂ. പക്ഷെ, അവരെ കാത്തിരുന്നത് ഒരു പൂക്കാലമായിരുന്നു. വിളയൂർ ബഡ്സ് സ്കൂളിലെ 19 കുട്ടികളാണ് വെള്ളിയാഴ്ച പുലർച്ചെ ആകാശയാത്രക്ക് പുറപ്പെട്ടത്. വ്ലോഗർ നാജിയ നൗഷി, അധ്യാപികമാരായ മറിയ, സുമിത, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രാജി മണികണ്ഠൻ, അസി.സെക്രട്ടറി കെ.പി. പ്രീത എന്നിവരും കൂടെയുണ്ടായിരുന്നു. പുലർച്ചെ നാലിന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ മധുര പലഹാരങ്ങൾ നൽകി കുട്ടികളെ യാത്രയാക്കി. എറണാകുളത്തെത്തി മെട്രോ സഞ്ചാരവും ലുലു മാൾ സന്ദർശനവും കഴിഞ്ഞു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ ഇൻഡിഗോ വിമാനക്കമ്പനിയുടെ ഹൃദ്യമായ സ്വീകരണം. കേക്ക് മുറിച്ചും ഉപഹാരങ്ങൾ നൽകിയും അവർ സ്വീകരിച്ചു. നടന്മാരായ ജയറാം, വിനീത് ശ്രീനിവാസൻ എന്നിവർ കൂടി എത്തിയതോടെ ആഹ്ലാദം അണപൊട്ടി. നടൻമാർ ചേർത്ത് പിടിച്ചും സ്നേഹം പകർന്നും കുട്ടികളെ യാത്രയാക്കി.
രാത്രി ഏഴരക്ക് വിമാനം പറന്നുയർന്നപ്പോൾ ആദ്യ ആകാശയാത്ര സഫലമായ ചാരിതാർഥ്യമായിരുന്നു കുട്ടികൾക്ക്. എട്ടരയോടെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി. തുടർന്ന് ബസ്സിൽ നാട്ടിലേക്ക്. ഒമ്പതരക്ക് മാഹിയിലെത്തി ഭക്ഷണം. പുലർച്ചെ മൂന്നോടെ വിളയൂരിൽ എത്തുമ്പോൾ അവരുടെ മുഖത്ത് സന്തോഷവും ആവേശവും മിന്നിമറഞ്ഞു. ഖത്തറിലെ എം.ബി.എം ട്രാൻസ്പോർട്ടാണ് ടിക്കറ്റുൾപ്പെടെയുള്ള ചെലവുകൾ വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.