പട്ടാമ്പി: പൊലീസ് മർദനത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി. മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിൽ കയറി പ്രകോപനമുണ്ടാക്കിയ പ്രവർത്തകനെ പൊലീസ് പിടികൂടി. സമരക്കാരുടെ ആവശ്യപ്രകാരം ഇയാളെ വിട്ടുകൊടുത്തതോടെ സമരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പി പാലം കൈവരി നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് നടത്തിയ നീക്കം ലാത്തി ചാർജിൽ കലാശിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച യു.ഡി.എഫ് ടൗണിൽ പ്രതിഷേധം നടത്തിയത്. ഇതും സംഘർഷത്തിലെത്തി. മൂന്നാം ദിവസത്തെ സമരമാണ് മേലെ പട്ടാമ്പിയിൽ തെരുവുയുദ്ധപ്രതീതിയിലെത്തിയത്.
കോൺഗ്രസ് ഓഫിസിനു സമീപത്തുനിന്ന് പ്രകടനമായി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട മാർച്ച് സിഗ്നലിനു തൊട്ടുമുമ്പ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ഓ.കെ. ഫാറൂഖ് സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഷഫീഖ് അത്തിക്കോട് സംസാരിച്ചുകൊണ്ടിരിക്കെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും മുകളിൽ കയറാനും നടത്തിയ ശ്രമമാണ് സംഘർഷത്തിന് തുടക്കമിട്ടത്.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് മറികടക്കാൻ മുകളിൽ കയറിയ മണ്ഡലം പ്രസിഡന്റ് ഷാഫി മരുതൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജലപീരങ്കി പ്രയോഗം നിർത്തിയപ്പോൾ സമരക്കാർ പൊലീസുമായി ദീർഘനേരം തർക്കത്തിലേർപ്പെടുകയും ബാരിക്കേഡുകൾ മറിച്ചിടുകയും ചെയ്തു. സമരം നിർത്തി പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ പിടിച്ചുവെച്ച പ്രവർത്തകനെ വിട്ടുകിട്ടണമെന്നും എന്നാൽ സമരം നിർത്താമെന്നുമായി സമരക്കാർ. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോയി.
സമരത്തിന് സംസ്ഥാന നേതാക്കളായ വിനോദ് ചെറാട്, അഡ്വ. സുബ്രഹ്മണ്യൻ, ജിതേഷ് നാരായണൻ, നിയോജകമണ്ഡലം പ്രസിഡന്റ് ജയശങ്കർ കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി. ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, പട്ടാമ്പി എസ്.എച്ച്.ഒ പി.കെ. പത്മരാജൻ, ചാലിശ്ശേരി ഇൻസ്പെക്ടർ ആർ. കുമാർ, ഷൊർണൂർ ഇൻസ്പെക്ടർ എ. അജീഷ്, ഒറ്റപ്പാലം ഇൻസ്പെക്ടർ കെ. രവികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു. സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.