പാലക്കാട്: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാത്ത ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ എ.എ. ഹക്കിം അറിയിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നല്കപ്പെട്ട ഹര്‍ജികളുടെ രണ്ടാം അപ്പീല്‍ തീര്‍പ്പാക്കാനും തെളിവെടുപ്പിനുമായി കിലയില്‍ സംഘടിപ്പിച്ച പ്രത്യേക സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരജിക്കാരന് മറുപടിയും വിവരവും ലഭ്യമാക്കിയാലും കൃത്യസമയം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ താമസിച്ച അത്രയും ദിവസം എണ്ണി പിഴ അടക്കണം. ഒരു ദിവസം 250 രൂപ പ്രകാരം വൈകിയ അത്രയും ദിവസത്തെ പിഴ അടക്കേണ്ടിവരുമെന്നും കമീഷണര്‍ അറിയിച്ചു. 25,000 രൂപ വരെ ഇത്തരത്തില്‍ പിഴ അടക്കേണ്ടി വരും. പാലക്കാട് ജില്ലയില്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇതിനോടകം 25,000 രൂപ പിഴയായി അടച്ചിട്ടുണ്ട്.
അശ്രദ്ധയോ കൃത്യ സമയത്ത് വിവരം എത്തിക്കാത്തതോ മൂലമാണ് ഇത്തരത്തില്‍ പിഴ അടക്കാൻ കാരണമായതെന്നും കമീഷണര്‍ വ്യക്തമാക്കി. ജില്ലയില്‍ വിവരാവകാശ നിയമപ്രകാരം പരാതി നല്കി കാത്തിരുന്ന 10 കേസുകളില്‍ സംസ്ഥാന വിവരാകാശ കമീഷണര്‍ നേരിട്ടെത്തി തീര്‍പ്പാക്കി. പാലക്കാട് കലക്ടറേറ്റില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. കൃഷ്ണന്‍കുട്ടി, പാലക്കാട് ആര്.ഡി.ഒ ഓഫിസില്‍ പി. ഗോപാലകൃഷ്ണന്, മൂലത്തറ വില്ലേജ് ഓഫിസില്‍ കെ. കണ്ടസ്വാമി, കലക്ടറേറ്റ് എ സെക്ഷനില്‍ എം.കെ. അനില്‍കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് വിവരാവകാശ കമീഷന് തല്‍ക്ഷണം തീര്‍പ്പുണ്ടാക്കിയത്. മങ്കര ഗ്രാമപഞ്ചായത്തിലെ കെ.പി. സിദ്ദിഖ് സമര്‍പ്പിച്ച ഒരു പരാതിയിലും മറ്റു അഞ്ച് പരാതികളിലുമായി വിവരാവകാശ ഓഫിസര്‍മാരെ അപേക്ഷകരുമായി കൂട്ടിയിരുത്തി ഫയലുകളില്‍നിന്ന് രേഖകള്‍ ഉടനടി കണ്ടെത്തി വാങ്ങി നല്കാന് കമീഷണര്‍ പ്രത്യേകം താൽപര്യമെടുത്തു. ആകെ പരിഗണിച്ച പത്ത് കേസുകളും ഇതോടെ തീര്‍പ്പാക്കുകയായിരുന്നു.
ജില്ലയില്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ കൃത്യവും സമയബന്ധിതവുമായി മറുപടി നല്‍കാതിരിക്കുന്ന വിവരാവകാശ ഓഫിസര്‍മാര്‍ക്കെതിരെ ഒന്നാം അപ്പീല്‍ അധികാരികള്‍ നേരിട്ടിടപെട്ട് നടപടി സ്വീകരിക്കണമെന്ന് കമീഷണര്‍ നിർദേശിച്ചു.
അപേക്ഷകളുടെ ഒന്നാം അപ്പീല്‍ ഹര്‍ജി ലഭിച്ചിട്ടും നടപടി എടുക്കാത്ത ഒന്നാം അപ്പീല്‍ അധികാരികള്‍ക്കെതിരെ കമീഷന് പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമീഷണര്‍ അറിയിച്ചു. ഹര്ജിക്കാരന് അപേക്ഷ സമര്‍പ്പിച്ചാല്‍ എത്രയും വേഗം അതിന് മറുപടി നല്‍കണമെന്നാണ് വിവരാവകാശ നിയമത്തിന്റെ താൽപര്യം. 30 ദിവസം വരെ കാത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.