കൊല്ലങ്കോട്: മാന്തോപ്പുകളിൽ കീടബാധ രൂക്ഷമായതോടെ കൊണ്ടുപിടിച്ച് അനധികൃത കീടനാശിനി ഉപയോഗം. നിയന്ത്രിക്കേണ്ട കാർഷിക വകുപ്പടക്കമുള്ളവർ വിഷയത്തിൽ അനാസ്ഥയവസാനിപ്പിച്ച് ശാസ്ത്രീയ ഉപദേശം നൽകണമെന്ന കർഷകരുടെ പതിറ്റാണ്ടോളമുള്ള ആവശ്യം ഇക്കുറിയും പതിവുപോലെയുയരുേമ്പാഴും അധികൃതർ കണ്ടമട്ടില്ല.
തുള്ളനും ഇലപ്പേനുമടക്കം കീടങ്ങളുടെ ആക്രമണം രൂക്ഷമായതോടെ കണ്ണിമാങ്ങയും പൂക്കളും കൊഴിയുകയാണെന്ന് കർഷകർ പറയുന്നു. മിക്ക കർഷകരും തമിഴ്നാട്ടിലെ വ്യാപാരികൾ നിർദേശിക്കുന്ന കീടനാശിനികളെയാണ് ആശ്രയിക്കുന്നത്. ഇവയിൽ പലതും മാരകമാണെന്ന് നേരത്തേ വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.
7000ൽ അധികം ഹെക്ടർ മാവിൻ തോട്ടങ്ങൾ ഉള്ള മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി പഞ്ചായത്തുകളിൽ കീടനാശിനി വിതരണത്തിനും ശാസ്ത്രീയ നിർദേശങ്ങൾ ലഭ്യമാക്കുന്നതിനും കൃഷി വകുപ്പ് മുൻകൈയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. മാരകവും അശാസ്ത്രീയവുമായ കീടനാശിനി പ്രയോഗത്തിനെതിരെ പരിശോധനയും നിയമനടപടിയും വേണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.
എന്നാൽ, മാവിലെ രോഗങ്ങൾക്കെതിരെ പരിശോധനയും കീടനാശിനി പ്രയോഗവും നിർദേശിച്ചുവരാറുണ്ടെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുതലമട: മാവിലെ കീടബാധ പരിശോധിക്കാൻ വിദഗ്ധ സംഘം മുതലമടയിൽ സന്ദർശനം നടത്തി. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. കാർത്തികേയെൻറ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളാരംകടവ് ആട്ടയാമ്പതി, ചുള്ളിയാർ എന്നീ പ്രദേശങ്ങളിൽ മാന്തോപ്പ് സന്ദർശിച്ചത്.
കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രഫസർ ഡോക്ടർ മൂസ,പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. സൗമ്യ, അസിസ്റ്റൻറ് പ്രഫസർ ഡോ. ലക്ഷ്മി, കൃഷി ഓഫിസർ സുജിത്ത് എന്നിവരാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്.
മാവിൻ പൂക്കളിൽ ഉണ്ടാകുന്ന തുള്ളൻ, ഇലപ്പേൻ എന്നീ കീടങ്ങളുടെ ആക്രമണവും 'ആന്ത്രാക്സ് നോട്' രോഗവും മാവിൽ തോട്ടങ്ങളിൽ സംഘം കണ്ടെത്തി. തുടർന്ന് സംഘം കർഷകർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.