മുണ്ടൂർ: പൊരിയാനിയിൽ ടോൾ ബൂത്ത് മാറ്റുന്ന കാര്യത്തിൽ ഇനിയും ഔദ്യോഗിക പ്രഖ്യാപനമായില്ല. പൊരിയാനി ഐ.ആർ.ടി.സി കാമ്പസിനടുത്ത് ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ സി.പി.എം, കോൺഗ്രസ്, സി.പിഐ, ബി.ജെ.പി, വെൽഫെയർ പാർട്ടി എന്നിവരും ബസുടമകളുടെ സംഘടനയും സജീവമായി രംഗത്തിറങ്ങിയിരുന്നു. ഇതിനിടയിൽ ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം കനത്തു.
പ്രതിഷേധം ഒതുക്കാൻ മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് വിഷയത്തിൽ അഭിപ്രായം ആരാഞ്ഞു. ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ എല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചു.
സി.പി.എം ടോൾ ബൂത്തിനെതിരെ പ്രമേയം പാസാക്കി. പ്രതിഷേധം ശക്തിയാർജ്ജിച്ചെങ്കിലും ബൂത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പ്രവൃത്തി നാട്ടുകൽ - താണാവ് ദേശീയപാത നവീകരണ ചുമതല ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി പൂർത്തിയാക്കി.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും ഒരേ സ്വരത്തിൽ പൊരിയാനിയിലെ ടോൾ ബൂത്ത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത മണ്ണാർക്കാട്ട് റോഡിൽ ടോൾ ബൂത്ത് കെട്ടി പിരിവ് നടത്താമെന്ന നിലപാടിലേക്കാണ് ഭരണപക്ഷ, പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരിക്കുന്നത്.
ബൂത്ത് സ്ഥാപിക്കാൻ മണ്ണാർക്കാട് റോഡിൽ സ്ഥലമുണ്ടെന്നാണ് പാർട്ടികൾ പറയുന്നത്. പ്രസ്തുത ബൂത്ത് എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ നിശ്ചിത സ്ഥലം ആരും പ്രഖ്യാപിച്ചിട്ടില്ല. തത്ക്കാലം പൊരിയാനിയിൽ വേണ്ടെന്ന നിലപാടിൽ ഭരണപക്ഷ പാർട്ടി അടക്കമുള്ള സംഘടനകൾ ഉറച്ചു നിൽക്കുമ്പോഴും ടോൾ പിരിവ് ആശങ്ക കനക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.