പാലക്കാട്: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കണമെന്ന് കലക്ടര്‍ ഡോ. എസ്. ചിത്ര. പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തരയോഗം ചേരണമെന്നും നിര്‍ദേശം നല്കി.ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം. നിലവില്‍ തുടരുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയോടൊപ്പം കൊതുക് നിവാരണവും പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകണം.
വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ സജീവമാക്കുകയും പ്രവര്‍ത്തനം ഊർജിതമാക്കുകയും വേണം. വീടിനുള്ളിലും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.തോട്ടം മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. ചിരട്ട, റബര്‍, ജാതിക്കതോട്, അടക്കത്തോട് എന്നിവ കൊതുകിന്റെ വളര്‍ച്ചക്ക് ഇടയാകാനാകാത്ത വിധം കൈകാര്യം ചെയ്യണം.
ഇത് സംബന്ധിച്ച് തൊഴിലാളികള്‍ക്കും അതില്‍ ഉത്തരവാദിത്തം വഹിക്കേണ്ട സ്ഥലമുടമകള്‍ക്കും കര്‍ശന നിര്‍ദേശം നല്കാന് പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. കുടുംബശ്രീ, തൊഴിലുറപ്പ് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് തൊഴിലിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കണം.
അട്ടപ്പാടി പോലുള്ള മേഖലകളില്‍ ബോധവത്കരണത്തിന് എസ്.ടി പ്രമോട്ടര്‍മാരുടെ സേവനം ലഭ്യമാക്കണം.സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കുട്ടികള്‍ അവരവരുടെ വീടുകളില്‍ ഉറവിട നശീകരണം പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഇതില്‍ പങ്കാളികളാകാനും നിര്‍ദേശം നല്കാന് വിദ്യാഭ്യാസ ഉപഡയറക്ടറോട് നിര്‍ദേശിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബൂട്ട്സ്, കൈയുറ പോലുള്ള സുരക്ഷാസാമഗ്രികള്‍ നല്‍കണം.
പാലക്കാട്: ഡെങ്കി തീവ്രവ്യാപന സാധ്യത മുന്നില്‍ കണ്ട് എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ. കെ.പി. റീത്ത മുന്നറിയിപ്പ് നല്കി. വീടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വീട്ടുകാര്‍ മുന്‍കൈയെടുക്കണം.പഴകി കിടക്കുന്നതും വെള്ളം കെട്ടികിടക്കുന്നതുമായ കുപ്പികളും പാട്ടകളും ഒഴിവാക്കണം. ശൈശവദശയിലുള്ള കൊതുകുകള്‍ കുപ്പികളും പാട്ടകളും ഉള്‍പ്പെടെ ഉണങ്ങിയ പ്രതലങ്ങളില്‍ നിലനിന്ന് മഴ പെയ്ത് നനവ് കിട്ടുമ്പോള്‍ ഊര്ജതമായി വളരുന്ന സാഹചര്യവും ഉണ്ടാകും. ഇത്തരം സാഹചര്യം ഒഴിവാക്കണം.
ഫോഗിങ്ങില്‍ ശൈശവദശയിലുള്ള കൊതുകുകള്‍ അതിജീവിക്കുമെന്നതിനാല്‍ സമ്പൂര്‍ണമായി കൊതുകുകളെ നശിപ്പിക്കുന്ന മാര്‍ഗം കൂടി സ്വീകരിക്കേണ്ടതുണ്ടെന്നും ഡി.എം.ഒ ഡോ. കെ.പി. റീത്ത ഓര്‍മ്മിപ്പിച്ചു. അലങ്കാര ചെടികള്‍ നിര്‍ത്തിയ ബോട്ടിലുകള്‍ ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി നന്നായി വൃത്തിയാക്കി വെക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.അലനല്ലൂര്‍, കൊടുവായൂര്‍, കരിമ്പ പഞ്ചായത്തുകളാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍. സ്കൂളുകളില്‍ എല്ലാ വെള്ളിയാഴ്ചയും ഓഫിസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ല സർവൈലന്‍സ് ഓഫിസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ല എപിഡെമിയോളജിസ്റ്റ് ഡോ. ദീപക്, ജില്ല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിസ്ട്രിക്ട് എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ സന്തോഷ് കുമാര്‍, ബയോളജിസ്റ്റ് ആന്‍ഡ് ഡിസ്ട്രിക്ട് മലേറിയ ഓഫിസര്‍ ഇന്‍ചാര്‍ജ് ബിനുകുട്ടന്, നെല്ലിയാമ്പതി ഇന്‍സ്പെക്ടര്‍ എം.പി. പ്രഭാത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.