പാലക്കാട്: തട്ടുകടയിലെ ആവിപറക്കുന്ന ബുൾസ് ഐ, ബ്രേക് ഫാസ്റ്റിനൊപ്പം ഓംലെറ്റ് എന്നിങ്ങനെ കേക്കുകളും പലഹാരങ്ങളും വരെ നീളുന്നതാണ് മുട്ടയുടെ പെരുമ. ഇടവേളക്ക് ശേഷം മുട്ടവില കുതിച്ചുയരുമ്പോൾ മലയാളി മൂക്കത്ത് വിരൽ വച്ച് അന്തിച്ചുനിൽക്കുന്നതും ഇതൊക്കെ കൊണ്ടാണ്. സംഗതി ശരിയാണ്, ഇപ്പോ മുട്ട ഇട്ടാൽ പൊട്ടുക മാത്രമല്ല, തൊട്ടാൽ പൊള്ളുക തന്നെ ചെയ്യും. അത്രക്കുണ്ട് വിലക്കയറ്റം. ജില്ലയിൽ മിക്കയിടത്തും ബുധനാഴ്ച മുട്ടവില ഏഴും കടന്ന് മുന്നോട്ട് ‘ഉരുളുകയാണ്’. ഒരാഴ്ചകൊണ്ട് ഒരുരൂപയുടെ വർധന. നാടൻ കോഴിമുട്ടക്ക് ഒമ്പതും താറാമുട്ടക്ക് 14ഉം ഒക്കെയാണ് വിപണിയിലെ വില. ആവശ്യക്കാരേറെയുള്ള കാടമുട്ടക്കും വിലയുയർന്നിട്ടുണ്ട്.
തമിഴ്നാട്ടിലെ നാമകല്ലിൽ നിന്നുമാണ് പ്രധാനമായും സംസ്ഥാനത്ത് കോഴിമുട്ട എത്തുന്നത്. ക്രിസ്മസ് വിപണിയിലേക്ക് കേക്കുകൾ മുതൽ വിവിധ വിഭവങ്ങൾക്കായി മുട്ടയുടെ ഡിമാൻഡുയർന്നിരുന്നു. അതേസമയം, നാമക്കല്ലടക്കം കേന്ദ്രങ്ങളിൽ ഉത്പാദനം കാര്യമായി വർധിപ്പിക്കാനുമായിരുന്നില്ല. മുട്ടയുടെ വരവ് കുറഞ്ഞതാണ് നിലവിലെ വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓരോ മാസവും കോഴിത്തീറ്റ വില വര്‍ധിക്കുകയാണ്. അടയിരിക്കുന്ന കോഴികളുടെ അഭാവവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉദ്പാദന ചിലവ് ഉയരുന്നത് കൊണ്ടുതന്നെ പല സംരംഭകരും പുതിയ മേഖലകൾ തേടുന്നു. സംസ്ഥാനത്ത് കോഴി കൃഷി ആദായകരമല്ലെന്ന് കണ്ട് ഭൂരിഭാഗം പേരും കൃഷി അവസാനിപ്പിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
തദ്ദേശീയമായി ഉദ്പാദനം വർധിപ്പിക്കാനായി സർക്കാർ തലത്തിൽ ആസൂത്രണം ചെയ്ത കോഴിവളര്‍ത്തല്‍ പ്രോത്സാഹന പദ്ധതികള്‍ പലതും ഇനിയും അടവിരിഞ്ഞിരിറങ്ങിയിട്ടില്ല. ഇതോടെ നാടന്‍ കോഴിമുട്ടയ്ക്കു വിപണിയില്‍ ദൗര്‍ലഭ്യമുണ്ട്. വരവു കുറഞ്ഞതും ഡിമാന്റ് കൂടിയതും നാടന്‍ മുട്ടയുടെ കുറവും വില വര്‍ധനവിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണമുള്ളത് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ജില്ലയില്‍ ഭേദപ്പെട്ട തോതിൽ മുട്ടക്കോഴികളെ വളര്‍ത്തുന്നത്. വീടുകളില്‍ ചെറു കൂടുകളില്‍ വളര്‍ത്തുന്നവരാണ് ഏറെയും. തീറ്റ വിലയിലെ വര്‍ധനയാണ് ഇവര്‍ക്കു തിരിച്ചടി. ഒരു കിലോ തീറ്റയുടെ വില 32 കടന്നതു മുതല്‍ നഷ്ടമാണെന്ന് മീനാക്ഷിപുരത്ത് നിന്നുള്ള കർഷകനായ കുമാർ പറയുന്നു. നാടന്‍ കോഴി മുട്ടയെന്ന പേരില്‍ തോടിനു നിറവ്യത്യാസമുള്ള മുട്ടകള്‍ വ്യാപകമായി വില കൂട്ടി വില്‍ക്കുന്നതും തദ്ദേശീയ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളിയാണ്.
ഹോട്ടലുകള്‍, തട്ടുകടക്കാര് എന്നിവര്‍ക്കു പുറമേ ബേക്കറിക്കടക്കാരും വന്‍ തോതില്‍ മുട്ട വാങ്ങാറുണ്ട്. ഇവര്‍ക്കെല്ലാം വില വര്‍ധന തിരിച്ചടിയാകും. മിക്ക പലഹാരങ്ങളിലും ഇതര ഹോട്ടൽ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് മുട്ട. മുട്ട വില മുട്ടനായതോടെ വിപണിയിൽ വിഭവങ്ങളുടെ വില ഉയർത്താതെ രക്ഷയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.