ഷൊർണൂർ: റെയിൽവെ ജങ്ഷനിൽ പ്രവർത്തിക്കുന്ന ആർ.എം.എസ് ഓഫിസ് പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. കേരളപ്പിറവിക്ക് മുമ്പെ തന്നെ മദ്രാസ് റെയിൽവേ ഡിവിഷന് കീഴിൽ ആരംഭിച്ച ഓഫിസാണിത്. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ആർ.എം.എസ് കേന്ദ്രവുമാണിത്.
സംസ്ഥാനത്തുടനീളവും പുറത്തേക്കുള്ളതുമായ തപാൽ നീക്കങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നതാണ് ഈ ആർ.എം.എസ് ഓഫിസ്. രജിസ്ട്രേഡ് തപാൽ ഉരുപ്പടികളുടെയും സ്പീഡ് പോസ്റ്റ് ഉരുപ്പടികളുടെയും നീക്കം ഒരുമിച്ചാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഫലമായാണ് ഈ ഓഫിസ് പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തിയതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു. 2023 ൽ പുതിയ തപാൽ നിയമം പാസാക്കിയതോടെ തപാൽ വിതരണ രംഗത്തുള്ള വകുപ്പിന്റെ കുത്തക നഷ്ടപ്പെട്ടിരുന്നു.
പത്ത് വർഷം മുമ്പ് രജിസ്ട്രേഡ് തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യാൻ തൃശൂരിൽ പാർസൽ ഹബ്ബ് തുടങ്ങിയിരുന്നു. നിലവിൽ സ്പീഡ് പോസ്റ്റ് ഉരുപ്പടികൾ കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്. രജിസ്ട്രേഡ് ഉരുപ്പടികൾ കൂടി കൈമാറ്റം ചെയ്യപ്പെടുന്നത് തൃശൂരിലേക്ക് മാറ്റിയാൽ ഷൊർണൂരിന്റെ പ്രാധാന്യം നഷ്ടപ്പെടും. ദിനംപ്രതി ആയിരക്കണക്കിന് തപാൽ ഉരുപ്പടികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. 15,000 ലധികം സെക്കൻഡ് ക്ലാസ് മെയിലും ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
ബുക്കിങ് ഓഫിസ് അടച്ച് പൂട്ടിയാൽ ജി.ഡി.എസ് അടക്കമുള്ള അറുപതോളം സ്ഥിരം ജീവനക്കാരെ സ്ഥലം മാറ്റേണ്ടി വരും. ഇരുപതോളം താൽക്കാലിക ജീവനക്കാരുടെ പണിയില്ലാതാവുകയും ചെയ്യും.
2024 ഡിസംബർ ഏഴിനകം രാജ്യത്തെ 216 ആർ.എം.എസ് ഓഫിസുകളും സംസ്ഥാനത്തെ 12 ഓഫിസുകളും ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ നവംബർ 19ന് സംസ്ഥാന വ്യാപകമായി ജില്ല ആസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ കമ്മിറ്റി ധർണ നടത്തുന്നുണ്ട്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ വ്യാപിച്ച് കിടക്കുന്നതാണ് ഷൊർണൂർ ആർ.എം.എസ് ഓഫിസിന്റെ പ്രവർത്തന പരിധി. ഇതില്ലാതാകുന്നതോടെ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലെയും കുറ്റിപ്പുറം, എടപ്പാൾ ഭാഗങ്ങളിലെയും തപാൽ നീക്കത്തെ സാരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.