പാലക്കാട്: ജില്ലയുടെ ഗ്രാമീണ മേഖലകളിലേക്കുള്ള സർവിസുകൾ പൂർണമായി പുനരാരംഭിക്കാതെ സ്വകാര്യ ബസുകൾ. ഇതിനൊപ്പം കെ.എസ്.ആർ.ടി.സി പണിമുടക്കുകൂടെ ആയതോടെ ജനം അക്ഷരാർഥത്തിൽ നട്ടം തിരിഞ്ഞു. ഗ്രാമീണ മേഖലകളിൽ യാത്രക്കാരില്ല, വരുമാനക്കുറവ് എന്നിങ്ങനെ ഒാരോ കാരണങ്ങൾ കാണിച്ച് സ്വകാര്യ ബസുകൾ പാതിവഴിക്ക് സർവിസ് നിറുത്തുകയോ പൂർണമായി നടത്താതിരിക്കുകയോ ചെയ്യുന്ന പ്രവണത അധികരിക്കുകയാണ്. പാലക്കാട് നഗരത്തിൽ നിന്ന് നേരമിരുട്ടിയാൽ ഗ്രാമീണമേഖലകളിലേക്ക് പോകാനായി ബസ് കാത്ത് നിൽക്കുന്നവർ ഏറെ വൈകി ടാക്സി സർവിസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എന്നുതീരും യാത്രദുരിതം
പാലക്കയം, ഇരുമ്പകച്ചോല, മേക്കളപ്പാറ, കണ്ടമംഗലം, ഇരട്ടവാരി, മെഴുകുംപാറ തുടങ്ങി മണ്ണാർക്കാടൻ മലയോരങ്ങളിലുള്ളവർ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇവിടെ നേരത്തേയുണ്ടായിരുന്ന അത്രയും സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. ഒറ്റപ്പാലത്തും ഷൊർണൂരിലും രാത്രികാലങ്ങളിൽ മതിയായ ആളുണ്ടെങ്കിൽ മാത്രം സർവിസ് നടത്തുകയും അല്ലെങ്കിൽ പാതിവഴിയിൽ സർവിസ് ഉപേക്ഷിക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെ പരാതിയുയർന്നിരുന്നു. ചിറ്റൂർ, കഞ്ചിക്കോട് തുടങ്ങി ജില്ലയുടെ കിഴക്കൻ മേഖലയിലും പലപ്പോഴും ടാക്സി തന്നെയാണ് ശരണം.
കോവിഡ് കാലത്ത് നിർത്തിയ മംഗലംഡാം പൊൻകണ്ടം വഴി കടപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. രണ്ട് ആദിവാസി കോളനികളും മലയോരജനതയും ഉള്ള പ്രദേശം ഇതോടെ കുരുക്കിലായി. വടക്കഞ്ചേരിയിൽ നിന്ന് കിഴക്കഞ്ചേരി വഴി വാൽക്കുളമ്പ് പനംകുറ്റിയിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. നല്ലേപ്പിള്ളി-കമ്പിളിച്ചുങ്കം-അത്തിക്കോട്-പാലത്തുള്ളി പെരുവമ്പ് വഴി പാലക്കാട്ടേക്ക് സ്വകാര്യ ബസ് സർവിസ് നടത്തിയിരുന്നതാണ്. അന്ന് ഒട്ടേറെ ആളുകൾക്ക് പ്രയോജനം ലഭിച്ചിരുന്ന സർവിസ് പിന്നീട് നിലച്ചു.
പെരുകുന്ന നഷ്ടത്തിൽ കട്ടപ്പുറം ശരണം
അറ്റകുറ്റ പണികൾക്കും അനുമതികൾക്കും കാലതാമസമുണ്ടാകുന്നത് മുതൽ ഇന്ധനവിലയും സർവിസ് നടത്തിയുണ്ടാകുന്ന നഷ്ടവും ബസുടമകൾ ചൂണ്ടിക്കാണിക്കുന്നു. ഇനി എന്ന് ബസുകൾ നിരത്തിലിറക്കാനാകുമെന്ന് പലർക്കും അറിയില്ല. നീണ്ടകാലം നിർത്തിയിട്ട ബസുകൾ പലതും റോഡിലിറക്കാൻ വലിയ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. അധികൃതരുടെ ക്രിയാത്മക ഇടപെടലുകൾ ഇല്ലെങ്കിൽ പൊതുഗതാഗത സമ്പ്രദായത്തിെൻറ നെട്ടല്ലൊടിയും. സാധാരണക്കാരെൻറ പോക്കറ്റു കീറാതെയുള്ള യാത്രാ സ്വപ്നങ്ങൾ ഡബ്ൾ ബെല്ല് കാത്ത് കട്ടപ്പുറത്ത് തന്നെ കിടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.