സ്ഥാനക്കയ​റ്റം: വൈദ്യുതി സെക്ഷൻ ഓഫിസ് പ്രവർത്തനം താളം തെറ്റും

പാലക്കാട്: 916 ലൈൻമാൻമാരെ ഓവർസിയറാക്കിയ ഉത്തരവോടെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റും. പല സെക്ഷനുകളിലും മൂന്നും നാലും ലൈൻമാൻമാർ ഓവർസിയർ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഫീൽഡ് ജോലി ചെയ്യുന്ന ലൈൻമാൻമാർക്കാണ് സ്ഥാനക്കയറ്റം. തൊട്ട് താഴെയുള്ള വർക്കർ തസ്തികയിലുള്ളവരെ പുതുതായി നിയമിക്കാത്തതിനാൽ ഫീൽഡ് ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് നികത്താൻ വഴിയില്ല. ലൈൻമാൻമാരുടെയും വർക്കർമാരുടെയും ഒഴിവിൽ കരാർ നിയമനം നടത്താമെങ്കിലും 675 രൂപ മാത്രം ദിവസക്കൂലി നൽകുന്നതിനാൽ പുതുതായി ആരും വരാൻ താൽപര്യം കാണിക്കുന്നുമില്ല.

വർക്കർമാരെ ലൈൻമാൻമാരാക്കാനുള്ള നടപടിക്രമത്തിന് വിനയാകുന്നത് 2010 ലെ കേന്ദ്ര വൈദ്യുതി നിയമത്തിലെ സാ​ങ്കേതിക കുരുക്കാണ്. മാത്രമല്ല, സ്ഥാനക്കയറ്റ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

ഇക്കഴിഞ്ഞ ഒമ്പതിനാണ് 916 ലൈൻമാൻമാരെ ഓവർസിയർമാരാക്കി ഉത്തരവിറങ്ങിയത്. ലൈൻമാൻമാർ ഓവർസിയറാകുമ്പോൾ തൊട്ട് താഴെയുള്ള വർക്കർമാരെ ലൈൻമാൻ തസ്തികയിലാക്കി പ്രമോഷൻ നടപ്പാക്കേണ്ടതായിരുന്നു. വർക്കർമാർക്ക് ഐ.ടി.ഐ യോഗ്യത നിശ്ചയിച്ച കേന്ദ്ര വൈദ്യുതി നിയമം ചട്ടങ്ങൾ (ഭേദഗതി-2010) നടപ്പായതോടെ തുടങ്ങിയ അനിശ്ചിതാവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. ഇത് സംബന്ധിച്ച് നടത്തിയ നിയമനങ്ങളും തുടർന്ന് വന്ന സ്ഥാനക്കയറ്റവും കോടതി കയറി. ഒടുവിൽ 2013 ന് ശേഷം ജോലിയിൽ ​പ്രവേശിച്ചവർക്ക് ഐ.ടി.ഐ യോഗ്യത നിഷ്‍കർഷിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് നിയമന നടപടികളുണ്ടായതുമില്ല.

സംഘടനകളും യോഗ്യതയുള്ള ഉദ്യോഗാർഥികളും കോടതികളെ സമീപിച്ചിരുന്നു. ഇതിനിടെ 2022 ഏപ്രിൽ 21ന് കേന്ദ്ര നിയമപ്രകാരം നിഷ്‍കർഷയില്ലാതെ ജോലിയിൽ ​പ്രവേശിച്ചവർ അഞ്ച് വർഷത്തിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പഴയ തസ്തികയിലേക്ക് മടക്കിയയക്കുമെന്ന് ഉത്തരവിറങ്ങി. ഇതോടെ സർവിസിൽ കയറിയവർക്ക് യോഗ്യതയില്ലെന്ന് കാണിച്ച് ഒരു വിഭാഗം ഫയൽ ചെയ്ത കേസിൽ രണ്ടര വർഷമെത്തിയിട്ടും തീരുമാനമായില്ല. ഇതിനാൽ വർക്കർമാർക്ക് ലൈൻമാൻമാരായി സ്ഥാനക്കയറ്റം നൽകാൻ കെ.എസ്.ഇ.ബി മടിക്കുകയാണ്.

Tags:    
News Summary - Promotion: Electricity section office work will be disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.