അകത്തേത്തറ: പട്ടാപ്പകൽ നാട്ടുകാരെ വീണ്ടും ഭീതിയുടെ മുൾമുനയിൽ നിർത്തി പി.ടി ഏഴാമൻ (പാലക്കാട് ടസ്കർ) അടങ്ങിയ കാട്ടാനക്കൂട്ടം ധോണി ജനവാസ മേഖലയിൽ വിലസി. രണ്ട് കൊമ്പന്മാരടങ്ങിയ മൂന്നംഗ കാട്ടാനക്കൂട്ടമാണ് ഉൾക്കാട്ടിൽ നിന്നിറങ്ങി വേലിയും മതിലും തകർത്തും ചാടിക്കടന്നും വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ ഒന്നിനുപിറകെ ഒന്നായി എത്തിയത്.
പുതുപ്പരിയാരം, അകത്തേത്തറ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ 6.45ന് കാട്ടാനക്കൂട്ടമിറങ്ങിയത്. അരുമണി എസ്റ്റേറ്റ് ഭാഗത്തുനിന്ന് ധോണി ലീഡ് കോളജ് പരിസരത്ത് കൂടിയാണ് കാട്ടാനകൾ നടന്നുനീങ്ങിയത്. വീടുകളുടെയും സ്ഥാപനങ്ങളുടെയും മതിലും വേലിയും തകർത്തു. വഴിയാത്രക്കാരും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരും കാട്ടാനയുടെ മുമ്പിലകപ്പെടാതിരിക്കാൻ നെട്ടോട്ടമോടി.
കല്ലടിക്കോടൻ മലയിൽ നിന്നോ മലമ്പുഴ ഉൾക്കാട്ടിൽ നിന്നോ വന്ന കാട്ടാനകളാവാം ഇതെന്നാണ് നിഗമനം. കണ്ടവരെല്ലാം കൂക്കിവിളിച്ചും ബഹളം വെച്ചുമാണ് കാട്ടാനകളെ അകറ്റിയത്. കഴിഞ്ഞ ദിവസങ്ങളിൽ അംബേദ്കർ കോളനി, ധോണി, മായാപുരം എന്നിവിടങ്ങളിൽ രാത്രി പി.ടി. ഏഴെന്ന കാട്ടാനയിറങ്ങിയിരുന്നു.
തനിച്ചു കറങ്ങുന്ന പ്രകൃതക്കാരനായ പി.ടി. ഏഴാമൻ മറ്റ് കാട്ടാനകളോടൊപ്പം നാട്ടിലിറങ്ങിയത് ദൗത്യസംഘത്തിന് പുതിയ തലവേദന സൃഷ്ടിച്ചു. പി.ടി ഏഴാമനെ പിടികൂടാനുള്ള സംഘത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുമെന്ന് ചൂട്ടിക്കാട്ടപ്പെടുന്നു.
ദൗത്യസംഘം കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് കയറ്റുന്ന പ്രവർത്തനങ്ങളിലാണ് ചൊവ്വാഴ്ച മുഴുകിയത്. സന്ധ്യയോടെ ജനവാസമേഖലയിൽനിന്ന് ആനകളെ അകറ്റിനിർത്തി. ദൗത്യ സംഘമെത്തിയത് ജനങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണെങ്കിലും കാട്ടാനക്കൂട്ടത്തിന്റെ വരവ് ആശങ്കയുടെ വ്യാപ്തി കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.