കൊല്ലങ്കോട്: പുത്തൻകുളത്തെ നീന്തൽ പരിശീലന കേന്ദ്രമാക്കണമെന്ന് നാട്ടുകാർ. അഞ്ച് വർഷം മുമ്പ് വരെ നൂറിലധികം പേർ കുളിക്കാൻ ഉപയോഗിച്ചിരുന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള പുത്തൻകുളം മലിനജലം കലർന്ന് നാല് വർഷമായി ഉപയോഗ ശൂന്യമായിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി വഴി മണ്ണെടുത്തു. 12 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്ത് നവീകരണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ഈ കുളത്തിലേക്ക് അഴുക്കുചാലിലെ മലിനജലം കടത്തിവിടാനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കം ചെറുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആശുപത്രി, ലോഡ്ജ്, ഹോട്ടൽ, വീടുകൾ എന്നിവിടങ്ങളിലെ മലിനജലം ഒഴുകുന്ന ഓടകൾ കുളത്തിലേക്ക് എത്തുന്ന ചാലുമായി ബന്ധിപ്പിച്ചാണ് മലിനജലം ഒഴുക്കുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള കുളത്തിൽ നീന്തൽ പരിശീലന കേന്ദ്രമാക്കണമെന്ന ആവശ്യം നിലനിൽക്കെ മലിനജലം ഒഴുകിയാൽ വീണ്ടും ദുരിതമാകുമെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, നാട്ടുകാരുടെ പരാതിയെ തുടർന്ന് മലിനജലം ഒഴുക്കുന്ന ചാൽ അടച്ചിട്ടതായി പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു. എന്നാൽ, മഴവെള്ളവും മലിനജലവും ഒഴുകിയിരുന്ന തൊട്ടടുത്ത സ്വാഭാവിക ചാൽ മണ്ണിട്ട് നികത്തിയതിനാൽ കുളത്തിലേക്ക് മലിനജലം ഒഴുകാൻ സാധ്യതയുണ്ട്. ഇതിന് തടയിടേണ്ടത് അത്യാവശ്യമാണ്. പഞ്ചായത്തിൽ നീന്തൽ കുളം ഇല്ലാത്തതിനാൽ നീന്തൽ പരിശീലനത്തിന് പുത്തൻകുളം ഉപയോഗപ്പെടുത്തണമെന്ന് പാരന്റ്സ് കോഓഡിനേഷൻ ഫോറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.