തച്ചമ്പാറ: ഗ്രാമപഞ്ചായത്തിൽ പുത്തൻകുളം നവീകരണത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. കുളം നവീകരണ പ്രവൃത്തിയിൽ അഴിമതി ആരോപിച്ച് തച്ചമ്പാറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് തച്ചമ്പാറ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഇളകിയാടിയ കൈവരിയും നടപ്പാതയിലെ കട്ട ഇളകിയതും ചൂണ്ടിക്കാട്ടിയാണ് റിയാസ് അഴിമതി ആരോപിച്ചത്. തൊട്ടുപിറകെ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അഴിമതി ആരോപണത്തിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നൽകി. നവീകരണ പ്രവൃത്തികൾ മുഴുവൻ പൂർത്തികരിച്ചിട്ടില്ലെന്നും ആറ് ലക്ഷത്തിന് താഴെയുള്ള രൂപയുടെ പ്രവൃത്തിയാണ് തീർന്നതെന്നുമാണ് പ്രസിഡന്റ് പറഞ്ഞത്. കരാറുകാരന് തുക കൈമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് തരം അന്വേഷണവും നേരിടാൻ ഒരുക്കമാണെന്നും തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
അതേസമയം, തച്ചമ്പാറ പഞ്ചായത്ത് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന കർഷക ദിനാചരണ ചടങ്ങിൽ തങ്ങൾക്ക് പരിഗണന കിട്ടിയില്ലെന്ന് പറഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് ബാബു ഉൾപ്പെടെയുള്ള യു.ഡി.എഫ് പ്രതിനിധികൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചിരുന്നു. ആശംസ പ്രസംഗത്തിന് യു.ഡി.എഫ് അംഗങ്ങളെ വിളിക്കാതെ അവഹേളിച്ചാതായാണ് ആക്ഷേപം. എന്നാൽ, പ്രതിപക്ഷ ആരോപണം രാഷ്ട്രീയ പ്രഹസനമാണെന്നാണ് പ്രസിഡന്റ് പറയുന്നത്. നേരത്തെ തച്ചമ്പാറ പഞ്ചായത്ത്തല കർഷക ദിനാചരണം കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.