യാ​ത്ര​ക്കാ​ർ കൂ​ടി​യാ​ൽ പു​തി​യ ട്രെ​യി​ൻ -ജ​ന​റ​ൽ മാ​നേ​ജ​ർ

കൊല്ലങ്കോട്: യാത്രക്കാരുടെ എണ്ണം വർധിച്ചാൽ പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.ജെ. അഗർവാൾ. കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായാണ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതെന്നും ജനറൽ മാനേജർ പറഞ്ഞു. ചെന്നൈ-പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട്ട് നിർത്തണമെങ്കിൽ യാത്രക്കാർ കൂടുതൽ ഉണ്ടാകണം. യാത്രക്കാരുണ്ടെങ്കിൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിൽ തടസ്സം ഉണ്ടാവില്ലെന്നും ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരിയും പറഞ്ഞു. നെല്ലിയാമ്പതി സന്ദർശിച്ചശേഷം കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ജനറൽ മാനേജർ പ്രത്യേക ട്രെയിനിലാണ് കൊല്ലങ്കോട് സ്റ്റേഷനിൽനിന്ന് പുറപ്പെട്ടത്.

റെയിൽവേ സുരക്ഷ: ഫണ്ടിന് തടസ്സമുണ്ടാവില്ല

പാലക്കാട്: റെയിൽവേ സുരക്ഷ, ഗതാഗതത്തിന്റെ കാര്യക്ഷമത, വരുമാനം തുടങ്ങിയവ വർധിപ്പിക്കാനുതകുന്ന പദ്ധതികൾക്ക് ധനലഭ്യത പൂർണമായും ഉറപ്പാക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.കെ. അഗർവാൾ. ഡിവിഷൻതല പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘദൂരം കൊണ്ടുപോകേണ്ട ചരക്കുകൾ റെയിൽവേയിലേക്ക് ആകർഷിക്കാൻ അദ്ദേഹം നിർദേശം നൽകി. റെയിൽവേ സുരക്ഷ സംബന്ധിച്ച നിലവാരം, നിയമങ്ങൾ, പാലനമുറകൾ എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാലക്കാട് ഡിവിഷന്‍റെ 2021-22 കാലയളവിലെ പ്രവർത്തനം എ.കെ. അഗർവാൾ വിലയിരുത്തി. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ മാരായ ആർ. രാഘുനാഥൻ, സി.ടി. സക്കീർ ഹുസൈൻ എന്നിവരും ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. വി. കലാറാണി, വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലും മെമു ഷെഡിലും ജനറൽ മാനേജർ പരിശോധന നടത്തി. ശനിയാഴ്ച അദ്ദേഹം പൊള്ളാച്ചി-പാലക്കാട് ടൗൺ സെക്ഷനിൽ നടക്കുന്ന റെയിൽവേ വൈദ്യുതീകരണ പ്രവർത്തനവും നേരിട്ട് വിലയിരുത്തി. 

'പൊള്ളാച്ചി പാതയിൽ പാസഞ്ചർ

ട്രെയിനുകൾ പുനഃസ്ഥാപിക്കണം'

കൊല്ലങ്കോട്: മീറ്റർ ഗേജിലെ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജറെ കാണാനെത്തി. പൊള്ളാച്ചി റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, ആനമല റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, പാലക്കാട്-പൊള്ളാച്ചി ലൈൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ, വി.പി തറ ഡെവലപ്മെന്‍റ് കമ്മിറ്റി എന്നിവയാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകിയത്.

വൈദ്യുതീകരണം പൂർത്തീകരിക്കുന്ന മുറക്ക് എറണാകുളം-മധുര, കോഴിക്കോട് മധുര, മംഗലാപുരം-രാമേശ്വരം, ഗുരുവായൂർ-മധുര ട്രെയിനുകൾ പുതുതായി സർവിസ് ആരംഭിച്ചാൽ തീർഥാടകർക്ക് ഗുണകരമാകുമെന്ന് വി.പി തറ ഡെവലപ്മെന്‍റ് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട്, പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ സ്റ്റോപ് വേണമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പാലക്കാട്-പൊള്ളാച്ചി ലൈൻ പ്രസിഡന്‍റ് മുരുകൻ ഏറാട്ടിൽ, പി.വി. ഷൺമുഖൻ, സക്കീർ ഹുസൈൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ആനമല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് ആനമല റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ ആർ. മുരുകൻ, എസ്. പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു. അമൃത, തിരുച്ചെന്തൂർ ട്രെയിനുകൾ അടുത്തടുത്ത സമയങ്ങളിൽ സർവിസ് നടത്തുന്നത് പുനഃപരിശോധിക്കണമെന്ന് പൊള്ളാച്ചി റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ കൃഷ്ണ ബാലാജി, ബാലകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

ആനമല റെയിൽവേ സ്റ്റേഷനടുത്തുള്ള ഡ്രൈനേജ് വഴി അണ്ടർ പാസാക്കി വിപുലീകരിച്ചാൽ റോഡ് മാർഗമുള്ള യാത്രക്കാർക്ക് ഗുണകരമാകുമെന്ന് സുബേയ കൗണ്ടൻ പുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം. മോഹൻരാജ് ജനറൽ മാനേജർക്ക് നിവേദനം നൽകി.

ചെന്നൈ എക്സ്പ്രസിന് നെന്മാറ നിയോജക മണ്ഡലത്തിൽ സ്റ്റോപ് അനുവദിക്കണമെന്ന് കെ. ബാബു എം.എൽ.എ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.ജെ. അഗർവാളിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 


Tags:    
News Summary - Railway general manager statement on new train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.