കൊല്ലങ്കോട്: രാജ്യത്തെ പ്രധാന വിപണികളിലേക്ക് മുതലമടയിൽനിന്ന് മാങ്ങ കയറ്റിയയക്കാൻ സഹായം ഉറപ്പുനൽകി റെയിൽവേ. പാലക്കാട് ഡിവിഷൻ അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ (എ.ഡി.ആർ.എം) ആർ. രഘുരാമനുമായി മുതലമടയിലെ കർഷകർ നടത്തിയ ചർച്ചയിലാണ് ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഇന്ദോർ, സൂറത്ത് തുടങ്ങിയ പ്രധാന വിപണികളിലേക്ക് മുതലമട റെയിൽവേ സ്റ്റേഷനിൽനിന്ന് മാങ്ങ കയറ്റി അയക്കാൻ സംവിധാനം ഒരുക്കാൻ തയാറാണെന്ന് റെയിൽവേ ഉറപ്പ് നൽകിയത്.
വി.പി.എച്ച് (കപ്പാസിറ്റി പാർസൽ വാൻ) കാറ്റഗറിയിൽ ഉൾപ്പെടുന്ന പാർസൽ വാഗണുകൾ ഇതിനായി മുതലമട റെയിൽവേ സ്റ്റേഷനിൽ എത്തിക്കുമെന്ന് എ.ഡി.ആർ.എം പറഞ്ഞു. മുൻകൂട്ടി അറിയിക്കുന്നതിന് അനുസൃതമായി 5000 രൂപ റെയിൽവേക്ക് മാവ് കർഷകർ കെട്ടിവെച്ചാൽ പ്രത്യേക എൻജിനിൽ ഘടിപ്പിച്ച് ഹൈ കപ്പാസിറ്റി പാർസൽ വാൻ മുതലമട റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മൂന്നു മണിക്കൂർ നിർത്തി മാങ്ങ നിറച്ച പെട്ടികൾ കയറ്റിയ ശേഷം ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളിൽ ഘടിപ്പിക്കുമെന്നും ഇതിലൂടെ സമയബന്ധിതമായി കൃത്യസമയത്ത് മുതലമടയിലെ മാങ്ങ കേരളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ വഴി പ്രമുഖ വിപണികളിൽ എത്തിക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.
എക്സ്പ്രസ്, മെയിൽ എന്നീ ട്രെയിനുകളുടെ മുന്നിലും പുറകിലുമായി ഘടിപ്പിച്ച സിറ്റിങ് കം ലഗേജ് വാഗണുകളിലും (എസ്.എൽ.ആർ) മാങ്ങകൾ മുതലമടയിൽനിന്ന് കയറ്റി അയക്കാൻ സൗകര്യം ഒരുക്കി നൽകാൻ റെയിൽവേ തയാറാണെന്ന് എ.ഡി.ആർ.എം പറഞ്ഞു. ജനറൽ സീറ്റിങ് കോച്ചുകൾ ഉള്ള ജി.എസ് ട്രെയിനുകളിലും സംവിധാനമൊരുക്കാനാകും. ഇതിനുള്ള മുൻകൂർ അഭ്യർഥന കർഷകർ റെയിൽവേക്ക് നൽകണമെന്ന് അധികൃതർ പറഞ്ഞു.
ജി.എസ് സ്പെഷൽ അൺ റിസർവ്ഡ് ട്രെയിനുകളിൽ 15 കോച്ച് ഉണ്ടാകും. ഒരു കോച്ചിൽ 10 ടൺ മാങ്ങ കയറ്റാം. ഇതോടെ ഒറ്റത്തവണ 150 ടൺ വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുതലമട മാങ്ങയെ നേരിൽ എത്തിക്കാം. മെയിൽ ട്രെയിനുകളിൽ ഒരു എസ്.എൽ.ആർ വാഗണിൽ നാല് ടണ്ണും എക്സ്പ്രസിൽ എട്ട് ടൺ, പാസഞ്ചറിൽ 16 ടൺ വരെയും കയറ്റാം.
മുതലമട റെയിൽവേ സ്റ്റേഷനിൽ നടന്ന യോഗത്തിൽ അഡീഷനൽ കമേഴ്സ്യൽ മാനേജർ എ. കുമാർ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ എ.പി. മണികണ്ഠൻ, സീനിയർ കമേഴ്സ്യൽ ഇൻസ്പെക്ടർ ടി. ജയപ്രകാശ്, മാമ്പഴ കർഷക പ്രതിനിധികളായ സി. തിരുചന്ദ്രൻ, എം. താജ്ദീൻ, വി. മോഹൻകുമാർ, ഫക്കീർ മുഹമ്മദ്, റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ ഏറാട്ട് എന്നിവർ പങ്കെടുത്തു.
കിസാൻ ട്രെയിൻ അഗ്രികൾചറൽ ക്ലസ്റ്റർ ലിസ്റ്റിൽ മുതലമട മാങ്ങ ഉൾപ്പെടുത്തിയാൽ കിസാൻ റെയിൽ അനുവദിക്കുമെന്ന് എ.ഡി.ആർ.എം. ഓരോ സംസ്ഥാനങ്ങളിലും കിസാൻ റെയിൽ ഉൽപന്നങ്ങളുടെ ക്ലസ്റ്റർ പേരുകൾ ഉൾപ്പെട്ട ജില്ല, പ്രദേശങ്ങൾക്ക് അനുസൃതമായാണ് കിസാൻ റെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
പച്ചക്കറി, പഴവർഗ ക്ലസ്റ്റർ ലിസ്റ്റിൽ മുതലമടയിലെ മാവ് കർഷകരുടെ ഔദ്യോഗിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാൽ കിസാൻ റെയിൽ സേവനം മുതലമടയിലെ കർഷകർക്ക് ഉപയോഗിക്കാമെന്ന് എ.ഡി.ആർ.എം രഘുരാമൻ പറഞ്ഞു. കൃഷിമന്ത്രിയുമായി ബന്ധപ്പെട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് കർഷക സംഘടന ഭാരവാഹികൾ പറഞ്ഞു. 50 ശതമാനം സബ്സിഡിയാണ് ചരക്ക് ഗതാഗതത്തിന് കിസാൻ റെയിൽ വഴി അയക്കുന്ന പഴം-പച്ചക്കറികൾക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.