പാലക്കാട്: ജില്ലയിൽ മഴക്ക് അൽപം ശമനം. ശനിയാഴ്ച 63.9 മില്ലി മീറ്റർ മഴയാണ് ജില്ലയിലാകെ ലഭിച്ചത്. രാവിലെ മുതൽ തെളിഞ്ഞ ആകാശമായിരുന്നു. മഴ മാറിനിന്നത് കഴിഞ്ഞദിവസങ്ങളിലെ പേമാരിയിൽ വീടുകളിൽ വെള്ളം കയറിയവർക്ക് ശുചീകരണത്തിനും മറ്റും സൗകര്യമായി. ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലങ്കോട് മേഖലയിലാണ്-14.4 മി.മീറ്റർ. ഏറ്റവു കുറവ് ലഭിച്ചത് ഒറ്റപ്പാലത്താണ്-2.8 മി.മീറ്റർ. ആലത്തൂർ-12.6 മി.മീ., പട്ടാമ്പി-10.7 മി.മീ., പാലക്കാട്-7.4 മി.മീ., മണ്ണാർക്കാട്-5 മി.മീ., ചിറ്റൂർ-തൃത്താല-4 മി.മീ., പറമ്പിക്കുളം-3 മി.മീ. എന്നിങ്ങനെയും മഴ പെയ്തു. മഴ കുറഞ്ഞ് അപകടഭീതി ഒഴിഞ്ഞതോടെ മിക്ക ദുരിതാശ്വാസ ക്യാമ്പുകളും അടച്ചു.
ജില്ലയിൽ ഇനി അവശേഷിക്കുന്നത് 10 ദുരിതാശ്വാസ ക്യാമ്പുകളാണ്. ചിറ്റൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ ഏഴു വില്ലേജുകളിലായാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇത്രയും ക്യാമ്പുകളിലായി 91 കുടുംബങ്ങളാണ് കഴിയുന്നത്. ശനിയാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുപ്രകാരമാണിത്. മറ്റ് താലൂക്കുകളിലെ ക്യാമ്പുകളെല്ലാം അടച്ചു. മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതോടെ വീടുകളെല്ലാം ശുചീകരിച്ചശേഷം ആളുകൾ തിരിച്ചുപോയി.
മലമ്പുഴ ഡാമിൽ ശനിയാഴ്ച ജലനിരപ്പ് 112.64 മീറ്റർ രേഖപ്പെടുത്തി. 113 മീറ്ററിലെത്തിയാൽ ബ്ലൂ അലർട്ട് നൽകും. ഡാമിന്റെ പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. പോത്തുണ്ടി, മംഗലംഡാം, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, മൂലത്തറ, ആളിയാർ എന്നീ അണക്കെട്ടുകൾ നിലവിൽ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.