മുണ്ടൂർ: റമദാൻ വ്രതാനുഷ്ഠാന നാളുകൾ സമാഗതമായതോടെ പൊതു വിപണിയിലും വില വർധനവിന്റെ വേലിയേറ്റം. നോമ്പുതുറ പലഹാരങ്ങൾ ഉണ്ടാക്കാനുള്ള ഉൽപന്നങ്ങൾ, ഈത്തപഴം, പഴവർഗങ്ങൾ, ഭക്ഷ്യവിഭവങ്ങളുടെ ഭാഗമായ മാംസം, മുട്ട, പച്ച മീൻ, ഉണക്കമീൻ എന്നിവക്കാണ് കാര്യമായ വിലവർധനവ് അനുഭവപ്പെടുന്നത്.
പച്ചരിക്ക് മാസങ്ങളായി ഉയർന്ന വിലയുണ്ട്. 28 രൂപക്ക് രണ്ട് മാസം മുമ്പ് കിട്ടിയിരുന്ന ഒരു കിലോ പച്ചരിക്ക് 35 രൂപ മുതൽ 38 രൂപയാണ് കിലോഗ്രാമിന് ചില്ലറ വിൽപന. പത്തിരി, ഇടിയപ്പം തുടങ്ങി നാനാതരം പലഹാരങ്ങൾക്ക് പച്ചരി ഒഴിച്ചുകൂടാത്തതാണ്. നോമ്പുതുറ സമയത്ത് ഈത്തപ്പഴം പതിവായി കഴിക്കുന്നവരാണ് കൂടുതൽ പേരും കിലോഗ്രാമിന് 180 രൂപ മുതൽ 3000 രൂപ വരെ വിലയുള്ള ഈത്തപഴം പൊതുവിപണിയിൽ റമദാൻ പ്രമാണിച്ച് വിൽപനക്കെത്തിയിട്ടുണ്ട്. പഴ സമാനമായതും ഉണക്കിയതുമായ ഈത്തപ്പഴത്തോടൊപ്പം മുന്തിയ ഗുണനിലവാരമുള്ളവയും വിപണിയിൽ സുലഭമാണ്. ഇനി പഴവർഗ്ഗ വിപണിയിൽ ഓറഞ്ച്, മുന്തിരി, ആപ്പിൾ, മാമ്പഴം, മാതളം, സബർജല്ലി, ഡ്രാഗൺ എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഓറഞ്ച് കിലോഗ്രാം 50 രൂപ മുതൽ കൂടിയ വിലയുണ്ട്. പഴവിപണിയിൽ വേനൽച്ചൂടും റമദാനും ഒന്നിച്ച് വന്നതോടെ 10 മുതൽ 25 ശതമാനം വരെ വർധനയാണുള്ളത്.
മുട്ടവില മൊത്തവിപണിയിൽ 5.50 രൂപയാണെങ്കിലും ചില്ലറ വിൽപന ഒന്നിന് 6.50 രൂപക്കാണ്. പച്ചമീനിനും ഉണക്കമീനിനും തീവില തന്നെ. മത്തി, ആവോലി, അയല, തളയൻ, ചെമ്മീൻ എന്നിവയാണ് വിപണിയിൽ വിൽപനക്ക് എത്തുന്നത്. കിലോഗ്രാമിന് 120 രൂപ മുതൽ 200 രൂപ വരെയെങ്കിലും വില പച്ചമീനിനുണ്ട്. സ്രാവ്, മാന്തൾ തുടങ്ങിയ ഉണക്കമീനിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വില കൂടുതലാണ്. വ്രതാനുഷ്ഠാന നാളുകളിൽ വൻ ഡിമാൻഡുള്ള ചെറുനാരങ്ങ, തണ്ണിമത്തൻ എന്നിവക്കും അഞ്ചുമുതൽ 10 ശതമാനം വരെ വില കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.