മംഗലംഡാം: മംഗലംഡാം റിസര്‍വോയറില്‍നിന്ന് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഇഴയുന്നു. ഡാമിലെ കുടിവെള്ള പദ്ധതി അവതാളത്തിലാകുമെന്ന് ആശങ്ക. മൂന്നുവര്‍ഷം കൊണ്ട് മണ്ണ് നീക്കല്‍ പൂര്‍ത്തിയാക്കണമെന്ന കരാര്‍ വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബര്‍ 17നാണ് ഡ്രഡ്ജിങ് ജോലി തുടങ്ങിയത്. എന്നാല്‍, വിവിധ കാരണങ്ങൾ പറഞ്ഞ് പ്രവൃത്തി നീട്ടികൊണ്ടുപോകാന്‍ കരാർ കമ്പനി നീക്കം നടത്തുന്നെന്ന ആക്ഷേപമുയർന്നു. മൂന്നുവര്‍ഷം എന്നത് പ്രവൃത്തി നടക്കുന്ന 36 മാസം എന്നാക്കി മാറ്റണമെന്ന് കരാര്‍ കമ്പനിയുടെ ആവശ്യം ഈ സൂചനയാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
2018 ജൂലൈയില്‍ നിര്‍മാണോദ്ഘാടനം നടന്ന മംഗലം ഡാം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിച്ചുവരുകയാണ്. 140 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ജില്ലയിലെ തന്നെ വലിയ കുടിവെള്ള പദ്ധതിയാണ്.
പദ്ധതിക്കാവശ്യമായ ജലസംഭരണികളുടെയും ജല ശുചീകരണ ശാലകളുടെയും നിര്‍മാണം 70 ശതമാനവും പൂര്‍ത്തിയായി. 24.50 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ളതാണ് ജല ശുചീകരണ ടാങ്കും ഉന്നതതല ക്ലിയര്‍ വാട്ടര്‍ സംഭരണിയും. ഈ സംഭരണിയില്‍നിന്ന് വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാല് പഞ്ചായത്തുകളില്‍ നിര്‍മിക്കുന്ന ടാങ്കുകളിലേക്ക് പമ്പിങ് ഇല്ലാതെ താനെ വെള്ളം ഒഴുകുംവിധമാണ് പദ്ധതി വിഭാവനം ചെയ്തത്. കുടിവെള്ള പദ്ധതിക്കായി ഡാമില്‍നിന്ന് പ്രതിദിനം 240 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യണം.
ഇതിനുള്ള വെള്ളം ഡാമിലുണ്ടാകണം. മഴക്കാലമാസങ്ങളിലും ഡിസംബര്‍ വരെയും പമ്പിങ് പ്രയാസമുണ്ടാകില്ല. രണ്ടാം വിള നെല്‍കൃഷിക്ക് വെള്ളം വിടണം. ഫിഷറീസ് വകുപ്പിെൻറ മത്സ്യകൃഷിക്കും വെള്ളം കരുതണം. ടൂറിസത്തിെൻറ ഭാഗമായി റിസര്‍വോയറില്‍ ബോട്ട് സവാരിയോ മറ്റോ നടപ്പാക്കിയാല്‍ അതിനുള്ള വെള്ളം കൂടി കണ്ടെത്തണം.
ഈ സ്വപ്ന പദ്ധതികളെല്ലാം യാഥാര്‍ഥ്യമാകണമെങ്കില്‍ ഡാമിലെ മണ്ണ് നീക്കം നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണം.
25.494 മില്യണ്‍ ക്യുബിക് മീറ്ററാണ് ഡാമിെൻറ പൂര്‍ണ സംഭരണ ശേഷി.
48.85 ചതുരശ്ര കിലോമീറ്റര്‍ കാച്ച്മെൻറ് ഏരിയയുള്ള ഡാമില്‍നിന്ന് താലൂക്കിലെ 3440 ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷിക്ക് ജലസേചനമാണ് ഇവിടെ നിന്നുള്ളത്. റിസര്‍വോയറിലെ വെള്ളത്തിെൻറ ഗുണനിലവാരത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലും നിലവിലുള്ള ഗതാഗതത്തെ ബാധിക്കാത്ത വിധവും പ്രവൃത്തി ചെയ്യണമെന്ന് ഡി.പി.ആറില്‍ പറയുന്നുണ്ട്. എന്നാല്‍, പ്രവൃത്തികളുടെ തുടക്കം മുതലെ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് പണി നടക്കുന്നത്. ഡാമിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് 22ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.